നാടെങ്ങും ഇലക്ഷൻ പ്രചാരണം കത്തി പടരുമ്പോഴും ഇലക്ഷനുമായി ബന്ധപ്പെട്ട നിരവധി വ്യാജ പ്രചരണങ്ങളും അതോടൊപ്പം പ്രചരിപ്പിക്കപ്പെടുന്നുണ്ട്. അത്തരത്തിൽ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെട്ട ഒരു കാര്യമാണ് വോട്ടർ പട്ടികയിൽ പേരില്ലെങ്കിലും വോട്ട് ചെയ്യാൻ സാധിക്കുമെന്നത്.
ചലഞ്ച് വോട്ട് അതല്ലെങ്കിൽ ടെൻഡർ വോട്ട് ഉപയോഗപ്പെടുത്തി വോട്ട് ചെയ്യാം എന്ന രീതിയിലായിരുന്നു ഇത്തരം പ്രചരണങ്ങൾ കൂടുതലായും നടക്കുന്നത്. എന്നാൽ ഇത് തീർത്തും തെറ്റായ ഒരു പ്രചാരണം മാത്രമാണ്. അതായത് ഒരു വോട്ടർ ബൂത്തിൽ എത്തുമ്പോൾ തന്റെ ഐഡന്റിറ്റി ഉപയോഗപ്പെടുത്തി മറ്റൊരാൾ വോട്ട് ചെയ്തു എന്ന് ബോധ്യപ്പെടുകയാണെങ്കിൽ ടെൻഡേർഡ് വോട്ട് രേഖപ്പെടുത്താം എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ് ഇത്തരത്തിലുള്ള ഒരു വ്യാജപ്രചരണം ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്.
അതേസമയം ചലഞ്ച് വോട്ട് ഉപയോഗിക്കുന്ന സന്ദർഭം ഒരാൾ വോട്ടർ ബൂത്തിൽ എത്തുമ്പോൾ അയാൾക്കെതിരെ എന്തെങ്കിലും ഒരു സംശയം തോന്നുകയാണെങ്കിൽ രണ്ട് രൂപ കെട്ടി വെച്ച് ഏജന്റ് ചാലഞ്ച് ചെയ്യുന്ന രീതിയാണ്. എന്തായാലും വോട്ട് ചെയ്യാനായി ബൂത്തിൽ എത്തുന്നതിനു മുൻപ് തന്നെ വോട്ടർ പട്ടികയിൽ പേരുണ്ടോ എന്ന കാര്യം പരിശോധിച്ചു പോകുന്നതാണ് കൂടുതൽ ഉചിതം.