കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് അംബാനി കുടുംബത്തിൽ നിന്നും ഒരു വലിയ വിവാഹ നിശ്ചയം ജാം നഗറിൽ വച്ച് നടന്നത്. മുകേഷ് അംബാനിയുടെ ഇളയ മകൻ ആനന്ദ് അംബാനിയും, രാധിക മർച്ചന്റും തമ്മിലുള്ള വിവാഹ നിശ്ചയ ചടങ്ങിൽ സക്കർബർഗ് ഉൾപ്പെടെയുള്ള നിരവധി അതിഥികളാണ് ഇന്ത്യയിൽ നിന്നും വിദേശത്തുനിന്നുമായി എത്തിച്ചേർന്നത്. ജാം നഗറിൽ വിവാഹനിശ്ചയത്തിനായി പ്രത്യേക ഹോട്ടൽ സജ്ജീകരിച്ചതും, എയർപോർട്ട് സൗകര്യങ്ങൾ ഒരുക്കിയതുമായ കാര്യങ്ങളെല്ലാം അന്നുതന്നെ വാർത്തകളിൽ ഏറെ ഇടം പിടിച്ചിരുന്നു.
ഇപ്പോഴിതാ ആനന്ദ് -രാധിക വിവാഹത്തിന് വേദിയാകാൻ ഒരുങ്ങുകയാണ് യുകെയിലെ ആഡംബര വസതിയായ സ്റ്റോക്ക് പാർക്ക് എസ്റ്റേറ്റ്. 300 ഏക്കറിലായി വ്യാപിച്ചു കിടക്കുന്ന കൊട്ടാരത്തിന്റെ ഫോട്ടോകളും സോഷ്യൽ മീഡിയകളിൽ പ്രചരിച്ചു കൊണ്ടിരിക്കുന്നുണ്ട്. ബ്രിട്ടനിലെ ഈയൊരു ആഡംബര വസതിക്കുള്ളിൽ 13 ടെന്നീസ് കോർട്ടുകൾ ഉൾപ്പെടെ 49 ലക്ഷ്വറി റൂമുകൾ ഉണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.ബ്രിട്ടനിൽ അംബാനി കുടുംബത്തിന്റെ സ്വന്തം സ്വത്ത് വകയിൽ ഉൾപ്പെട്ട വസതിയാണ് സ്റ്റോക്ക് പാർക്ക് എസ്റ്റേറ്റ്. ഏകദേശം 698 കോടി രൂപയോളം വീടിന്റെ ആഡംബര ചിലവുകൾക്കായി അംബാനി കുടുംബം ചിലവഴിച്ചിട്ടുണ്ട് എന്നാണ് പറയപ്പെടുന്നത്. എന്തായാലും ആഡംബരം നിറഞ്ഞുനിൽക്കുന്ന ആനന്ദ് അമ്പാനി -രാധിക വിവാഹം ജൂലൈയിലാണ് ഉണ്ടാവുക എന്നാണ് അടുത്ത വൃത്തങ്ങൾ പറയുന്നത്. എന്നാൽ വിവാഹത്തിന് ഏതെല്ലാം മേഖലകളിൽ നിന്നുള്ള അതിഥികൾ എത്തിച്ചേരുമെന്നത് ഇപ്പോഴും അമ്പാനി കുടുംബം പുറത്തുവിട്ടിട്ടില്ല.