മികച്ച മലയാള സിനിമകളുടെ തുടർച്ചയായ വിജയങ്ങൾക്ക് ശേഷം ആരാധകർ കാത്തിരിക്കുന്നത് വിഷു പടങ്ങൾക്ക് വേണ്ടിയാണ്. മലയാളസിനിമക്ക് പൊൻതൂവൽ നൽകിയ ഒരു വർഷമായിത്തന്നെ ഈയൊരു വർഷത്തെ വിശേഷിപ്പിക്കേണ്ടതായി വരും. പ്രേമലു, ഭ്രഹ്മ യുഗം, മഞ്ഞുമ്മൽ ബോയ്സ്, ആടുജീവിതം തുടങ്ങിയ സിനിമകൾ മികച്ച ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ ഇടംപിടിക്കുമ്പോൾ വരാനിരിക്കുന്ന സിനിമകളിൽ ഉറ്റു നോക്കുകയാണ് ആരാധകർ.
മലയാള സിനിമയ്ക്ക് എല്ലാ വർഷവും വലിയ രീതിയിൽ വിജയങ്ങൾ കൊണ്ടു വരാറുള്ള വിഷു സീസൺ ഇങ്ങെത്തി കഴിഞ്ഞു. ഇത്തവണത്തെ വിഷുവിന് പ്രധാന മത്സരങ്ങൾ നടക്കാൻ സാധ്യതയുള്ളത് ഫഹദ് ഫാസിൽ പ്രധാന വേഷത്തിൽ എത്തുന്ന ആവേശം, ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന വർഷങ്ങൾക്ക് ശേഷം, ഉണ്ണി മുകുന്ദൻ പ്രധാന വേഷത്തിൽ എത്തുന്ന രഞ്ജിത് ശങ്കർ ചിത്രമായ ജയ് ഗണേഷ് എന്നിവ തമ്മിൽ ആയിരിക്കുമെന്നാണ് ആരാധകർ അവകാശപ്പെടുന്നത്.
ഇവയിൽ തന്നെ വർഷങ്ങൾക്ക് ശേഷം, ആവേശം എന്നീ ചിത്രങ്ങൾക്ക് തിയേറ്ററുകളിൽ ഇപ്പോൾ തന്നെ ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു. പ്രധാന മൂവി ടിക്കറ്റ് ആപ്പ് ആയ ബുക്ക് മൈ ഷോ പുറത്തു വിട്ട റിപ്പോർട്ടുകൾ അനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 12750 ടിക്കറ്റുകൾ വർഷങ്ങൾക്ക് ശേഷവും,18790 ടിക്കറ്റുകൾ ആവേശത്തിനും വിൽക്കപ്പെട്ടതായാണ് പറയപ്പെടുന്നത്. എന്തായാലും ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ വിഷു ചിത്രമായി ഏത് വാഴ്ത്തപ്പെടുമെന്ന് നമുക്ക് കാത്തിരുന്ന് തന്നെ കാണാം!