മലയാളീ സിനിമാ പ്രേക്ഷകർക്കിടയിൽ വളരെ ചുരുങ്ങിയ സിനിമകളിൽ അഭിനയിച്ച് കൊണ്ട് തന്നെ വലിയൊരു സ്ഥാനം നേടിയെടുത്ത നടനാണ് നിവിൻപോളി. പ്രധാനമായും അൽഫോൻസ് പുത്രൻ ചിത്രങ്ങളിലൂടെയാണ് താരത്തിന്റെ വിളയാട്ടം കൂടുതലായും കാണാൻ സാധിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ വിനീത് ശ്രീനിവാസൻ ചിത്രം വർഷങ്ങൾക്ക് ശേഷത്തിലൂടെ പഴയ നിവിൻ പോളി തിരിച്ചെത്തി എന്ന രീതിയിലായിരുന്നു പ്രേക്ഷക പ്രതികരണം വന്നു കൊണ്ടിരിക്കുന്നത്.
വിഷു, ഈദ് ചിത്രമായി പുറത്തിറങ്ങിയ വർഷങ്ങൾക്ക് ശേഷത്തിൽ മറ്റ് പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നത് പ്രണവ് മോഹൻലാലും, ധ്യാനുമാണ്. ഇപ്പോഴും നിറഞ്ഞ കൈയ്യടിയോടെ ചിത്രം തിയേറ്ററുകളിൽ ഓടിക്കൊണ്ടിരിക്കുന്നു. ചിത്രത്തിന്റെ രണ്ടാം പകുതിയിൽ എത്തുമ്പോൾ ഒരു കാമിയോ റോളിലാണ് നിവിൻപോളി പ്രത്യക്ഷപ്പെടുന്നത്. കിട്ടിയ റോൾ തകർപ്പനായി അഭിനയിച്ച് പ്രേക്ഷകരെ ഒന്നടങ്കം കയ്യിലെടുത്തിരിക്കുകയാണ് നിവിൻ പോളി.
കഴിഞ്ഞ കുറച്ചു വർഷങ്ങളായി നിവിൻ പോളിയുടെ നിരവധി സിനിമകൾ മലയാളത്തിൽ റിലീസ് ചെയ്തിട്ടുണ്ടെങ്കിലും ഒരു നീണ്ട ഇടവേളക്കു ശേഷം പ്രേക്ഷകരുടെ പൾസറിഞ്ഞ് ചെയ്ത ഒരു സിനിമയായി എല്ലാവരും പറയുന്നത് വർഷങ്ങൾക്ക് ശേഷമാണ്. 80 കളിലെ സൗഹൃദത്തിന്റെ കഥ പറയുന്ന ചിത്രത്തിൽ നിവിനെ കൂടാതെ മലയാളത്തിലെ ഒട്ടനവധി പ്രശസ്ത താരങ്ങളാണ് ചെറുതും വലുതുമായ വേഷങ്ങൾ ചെയ്തിട്ടുള്ളത്.
ചിത്രത്തിൽ എല്ലാവരും അവരുടേതായ റോളുകൾ ഭംഗിയായി ചെയ്തിട്ടുണ്ട് എന്നാണ് പ്രേക്ഷക പ്രതികരണങ്ങൾ. ഫസ്റ്റ് ഹാഫിൽ പ്രണവ് – ധ്യാൻ കോമ്പോ തകർത്താടുമ്പോള് സെക്കൻഡ് ഹാഫ് മുഴുവനും നിവിൻ പോളി കൊണ്ടുപോയി എന്നാണ് ആരാധകർ അവകാശപ്പെടുന്നത്. ഈയൊരു ചിത്രത്തിലൂടെ നിവിൻപോളി മലയാളത്തിൽ ഒരു വലിയ തിരിച്ചുവരവ് നടത്തുമെന്ന് തന്നെയാണ് പ്രേക്ഷകരുടെ വിശ്വാസം.
വിനീത് ശ്രീനിവാസൻ തിരക്കഥയും, സംവിധാനവും നിർവഹിച്ചിട്ടുള്ള വർഷങ്ങൾക്ക് ശേഷം നിർമ്മിച്ചിരിക്കുന്നത് മേരീലാൻഡ് ബാനറിന് കീഴിൽ വിശാഖ് സുബ്രഹ്മണ്യമാണ്. എന്തായാലും വിഷു ചിത്രങ്ങൾക്കിടയിൽ വർഷങ്ങൾക്ക് ശേഷം ഹിറ്റ് അടിക്കുമോ എന്നത് വരും ദിന കളക്ഷൻ റിപ്പോർട്ടുകൾ പറയും.