ജയവിജയന്മാരിലെ ജയൻ കൂടി ഓർമ്മയായിരിക്കുന്നു. 90 ആം വയസ്സിൽ കൊച്ചി തൃപ്പൂണിത്തുറയിലെ വീട്ടിലായിരുന്നു അന്ത്യം. അറുപത് വർഷത്തോളം നീണ്ട സംഗീത ജീവിതത്തിൽ നിരവധി സിനിമ ഗാനങ്ങള്‍ക്കും നിരവധി ഭക്തി ഗാനങ്ങൾക്കും അദ്ദേഹം ജീവൻ പകർന്നു.ഇഷ്ടദേവനായ അയ്യപ്പസ്വാമിക്കു ഗാനാർച്ചന ഒരുക്കിയാണ് ജയവിജയന്മാർ പ്രശസ്തരാകുന്നത്. ശബരിമല അയ്യപ്പനിലെ ഏറ്റവും ഹിറ്റായ ഗാനങ്ങളിലൊന്നും ഇവരുടെ പേരിലാണ് ഇന്നും അറിയപ്പെടുന്നത്.
സന്നിധാനത്ത് നട തുറക്കുമ്പോൾ കേൾക്കുന്ന ‘ശ്രീകോവിൽ നടതുറന്നു’ എന്ന ഗാനം ഇവർ ഈണമിട്ട് പാടിയതാണ്. പിന്നെയുമുണ്ട് ഒരായിരം ഗാനങ്ങൾ. ഇന്നും യൂ ട്യൂബിൽ ന്യൂ ജെനെറെഷൻ സംഗീത പ്രേമികൾ പോലും ഇവരുടെ അയ്യപ്പ ഗാനങ്ങളുടെ ആരാധകർ ആണ്.ജയവിജയ എന്ന പേരിൽ ഇരട്ട സഹോദരനൊപ്പം ആണ് നിരവധി കച്ചേരികൾ നടത്തി വന്നിരുന്നത്. ഇവരുടെ കച്ചേരികൾ കേൾക്കാൻ തന്നെ നാടുകൾ താണ്ടി അക്കാലത്ത് ആളുകൾ പോകുന്നത് പതിവായിരുന്നു എന്ന് പണ്ടുള്ളവർ പറയാറുണ്ട്. അത്രത്തോളം ആഴത്തിലായിരുന്നു ഇവരുടെ സംഗീതാർച്ചന കേൾക്കുന്നവന്റെ മനസ്സിൽ പതിഞ്ഞത്.
കെജി ജയൻ, കെജി വിജയൻ ഇരട്ടസഹോദരന്മാരുടെ പേര് ചുരുക്കി ജയവിജയ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ജയവിജയ സംഘം അവിസ്മരണീയമായ ഒരുപിടി ഗാനങ്ങളാണ് സംഗീതാസ്വാദകർക്ക് നൽകിയത്.നക്ഷത്രദീപങ്ങൾ തിളങ്ങി…’, ‘ഹൃദയം ദേവാലയം…’ തുടങ്ങിയ ചലച്ചിത്ര ഗാനങ്ങളും ‘ഇഷ്ടദൈവമേ സ്വാമി ശരണമയ്യപ്പാ…’ ‘ദർശനം പുണ്യദർശനം’, ‘ഗുരുവും നീയേ സഖിയും നീയേ’, ‘ശ്രീകോവിൽ നട തുറന്നു..’ ‘മാമല വാഴുമെൻ ശ്രീമണികണ്ഠനെ’ തുടങ്ങിയ നിരവധി ഭക്തിഗാനങ്ങളും ജയവിജയന്മാരുടേതാണ്.