എല്ലാകാലത്തും മലയാളികളുടെ ഇഷ്ട നടികളിൽ ഒരാളാണ് ശോഭന. 80കളിലും 90കളിലും മലയാളി മനസ്സിൽ മികച്ച കഥാപാത്രങ്ങളെ സമ്മാനിച്ച ശോഭനയെ ഇന്നും ഇരുകൈയും നീട്ടിയാണ് മലയാളി പ്രേക്ഷകർ ഏറ്റെടുക്കുന്നത്. സിനിമയിൽ താരം അത്ര സജീവമല്ല എങ്കിലും നൃത്തവുമായി ബന്ധപ്പെട്ട പോസ്റ്റുകളെല്ലാം ശോഭന തന്റെ ഇൻസ്റ്റാഗ്രാം പേജ് വഴി ആരാധകർക്കായി പങ്കു വെക്കാറുണ്ട്. എന്നാൽ അടുത്തിടെ പ്രധാനമന്ത്രിയോടൊപ്പം ശോഭന വേദി പങ്കിട്ടത് വലിയ ചർച്ചകൾക്ക് കാരണമായിരുന്നു. അത് ശോഭനയുടെ ബിജെപിയിലേക്ക് പ്രവേശിക്കാനുള്ള സൂചനയായി അന്ന് പലരും പറയുകയും ചെയ്തു.
എന്നാൽ പുറത്തു വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് ബിജെപിയുടെ ഒരു പൊതു പരിപാടിയിൽ വീണ്ടും പങ്കെടുക്കാൻ ഒരുങ്ങുകയാണ് ശോഭന. ഇലക്ഷൻ പ്രചരണാർത്ഥം നെയ്യാറ്റിൻകര മണ്ഡലത്തിൽ ബിജെപി നടത്തുന്ന പര്യടനത്തിലാണ് ശോഭന പങ്കെടുക്കുന്നത്. അതോടൊപ്പം തന്നെ തിങ്കളാഴ്ച കാട്ടാക്കടയിൽ പ്രധാനമന്ത്രി എത്തുന്ന വേദിയിലും ശോഭനയ്ക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്.
എൻഡിഎക്ക് വേണ്ടി മത്സരിക്കുന്ന രാജീവ് ചന്ദ്രശേഖർ എംപിക്ക് വേണ്ടി വോട്ട് ചോദിക്കാനാണ് ശോഭന രംഗത്ത് എത്തുക എന്ന രീതിയിലാണ് അഭ്യൂഹങ്ങൾ. ഇതുമായി ബന്ധപ്പെട്ട് താരത്തോട് മാധ്യമപ്രവർത്തകർ ബിജെപിയിലേക്ക് വരുന്നതിനുള്ള സൂചനയാണോ എന്ന് രീതിയിൽ ചോദ്യം ഉന്നയിച്ചിരുന്നു. എന്നാൽ പ്രധാനമന്ത്രി പങ്കെടുക്കുന്ന ഒരു പരിപാടിയിലേക്ക് ക്ഷണം ലഭിച്ചതിനാലാണ് താൻ എത്തുന്നത് എന്ന രീതിയിലാണ് ശോഭന ചോദ്യത്തിനുള്ള ഉത്തരമായി പറഞ്ഞത്. എന്തായാലും വരും ദിവസങ്ങളിൽ ശോഭന ബിജെപിയിലേക്ക് പ്രവേശിക്കുമോ എന്നത് കണ്ട് തന്നെ അറിയണം.