വക്കം, മാലിന്യ കൂമ്പാരമാക്കി ഹരിത കർമ്മ സേന,.

45

വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും അജൈവ മാലിന്യങ്ങൾ ശേഖരിച്ചു എം സി എഫിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ മൂന്ന് വർഷങ്ങൾക്ക് മുമ്പ് തുടങ്ങിയ നാൽപത് അംഗങ്ങൾ അടങ്ങുന്ന സംരംഭമാണ് ഹരിതകർമ്മ സേന. കേരളത്തിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഹരിത കർമ്മ സേനയുടെ പ്രവർത്തനം വിജയകരമാണെന്ന് പറയുമ്പോഴും അവയുടെ വിജയകരമായ നടത്തിപ്പിന് സംവിധാനങ്ങൾ ഒരുക്കേണ്ടത് തദ്ദേശ സ്വയം ഭരണ സ്ഥാപനമാണ് . മാലിന്യങ്ങൾ കൃത്യമായ ഇടവേളകളിൽ ശേഖരിച്ച് മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റിയിൽ എത്തിക്കുക എന്നതാണ് പ്രധാന ലക്ഷ്യം.

Harithakarmasena – vakkom waste collection issue

തിരുവനന്തപുരം ജില്ലയിൽ, ചിറയിൻകീഴ് താലൂക്കിൽ ഉൾപ്പെടുന്ന വക്കം വില്ലേജിലെ ഹരിതകർമ്മ സേനയുടെ പ്രവർത്തങ്ങൾ ഇപ്പൊൾ മാസങ്ങളായി നിശ്ചലമാണ്. പ്രവർത്തകർക്ക് കൃത്യ സമയത്ത് സംവിധാനങ്ങൾ ഒരുക്കേണ്ടതിലുള്ള പിഴവുമൂലം മാസങ്ങളായി മാലിന്യങ്ങൾ പൊതു ഇടങ്ങളിൽ കെട്ടി കിടക്കുകയാണ്. പല വാർഡുകളിലും അവസ്ഥ ഇതുതന്നെ ആണ്. വീടുകളിൽ നിന്നും പ്ലാസ്റ്റിക് ചാക്കുകളിലും കവറ്കളിലുമായി പ്രവർത്തകൻ വിശ്രമമില്ലാതെ ദിനംപ്രതി കയറി ഇറങ്ങി ശേഖരിച്ച മാലിന്യങ്ങൾ ഇപ്പോൾ പൊതു ഇടങ്ങളിൽ വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാക്കി കെട്ടി കിടക്കുകയാണ്. കൃത്യ സമയത്ത് അവ കൈകാര്യം ചെയ്യാൻ സാധിയ്ക്കാത്തത് കാരണം മാലിന്യങ്ങൾ സൂക്ഷിക്കാൻ പണിത ഇടങ്ങളിലും പരിസര പ്രദേശങ്ങളിലും വലിയ ദുർഗന്ധമാണ് നിലവിൽ ഉള്ളത്.

മാലിന്യം നിറച്ച പ്ലാസ്റ്റിക് ചാക്കുകൾ പലപ്പോഴും തെരുവ് നായകൾ കടിച്ച് പൊട്ടിക്കുകയും, പരിസര പ്രദേശങ്ങൾ കൂടുതൽ വൃത്തി ഹീനമാകുകയുമാണ് ചെയ്യുന്നത്. നാട്ടുകാരുടെ ഇടപെടൽ ഉണ്ടായിട്ടും മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിന് ഒരു നടപടികളും അധികൃതരുടെ ഭാഗത്ത് നിന്നും ഇതുവരെ ഉണ്ടായിട്ടില്ല.. പരിസര പ്രദേശങ്ങളിൽ ഇപ്പൊൾ ഡെങ്കു – മലേറിയ തുടങ്ങിയ പകർച്ച പനികളും റിപ്പോർട്ട് ചെയ്യുന്നുണ്ട്.