മുഖ്യമന്ത്രി പിണറായി വിജയൻറെ മകൾ വീണ വിജയൻ കുറ്റാരോപിതയായ മാസപ്പടി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്ന് പി എം ആർ എൽ എംഡി ശശിധരൻ കർത്തായെ ചോദ്യം ചെയ്യുകയാണ്. ഇന്നലെ ഹാജരാകണം എന്ന് കാട്ടി ഇ.ഡി നേരത്തെ സമൻസ് അയച്ചിരുന്നെങ്കിലും കർത്താ ഹാജരായിരുന്നില്ല അതിനെ തുടർന്നാണ് ഇന്ന് രാവിലെ ആലുവയുള്ള വീട്ടിലെത്തി ചോദ്യം ചെയ്ത് തുടങ്ങിയത്.
ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ആദ്യ സമൻസിലും അദ്ദേഹം ഹാജരാകാതെ ഒഴിഞ്ഞു നിന്നിരുന്നു. മാസപ്പടി ആരോപണത്തിൽ ആദായനികുതി വകുപ്പു മുൻപാകെ എക്സാലോജിക് കമ്പനിക്കെതിരെ മൊഴികൾ നൽകിയിരുന്ന ചീഫ് ജനറൽ മാനേജർ സുരേഷ്കുമാർ, കാഷ്യർ വാസുദേവൻ എന്നിവരെ ഇ.ഡി ഓഫിസിൽ ഇന്നലെ രാവിലെ വിളിച്ചുവരുത്തി ചോദ്യം ചെയ്തു .
തിങ്കളാഴ്ച രാവിലെ ഹാജരായ ചീഫ് ഫിനാൻസ് ഓഫിസർ കെ.എസ്.സുരേഷ്കുമാർ, സീനിയർ മാനേജർ എൻ.സി.ചന്ദ്രശേഖരൻ, സീനിയർ ഓഫിസർ അഞ്ജു റേച്ചൽ കുരുവിള എന്നിവരെ ചോദ്യം ചെയ്യൽ പൂർത്തിയാക്കി ചൊവ്വാഴ്ച രാവിലെ വിട്ടയച്ചു. ഇതിനിടെ കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെയും കുടുംബത്തെയും കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു.