കണ്ണൂരിലെ ‘സഖാവ് ഷേണായി മന്ദിരം’ തകർക്കപ്പെട്ട നിലയിൽ.

8

കണ്ണൂർ താമരക്കുളങ്ങരയിലെ സിപിഎം ബ്രാഞ്ച് ഓഫീസ് അജ്ഞാതർ അടിച്ചു തകർത്തു.ഇന്ന് രാവിലെയാണ് സംഭവം. ഷേണായി മന്ദിരം എന്ന് പേരിട്ടിരിക്കുന്ന ബ്രാഞ്ച് ഓഫീസും തിരഞ്ഞെടുപ്പ് പ്രചരണത്തിനുള്ള ബോർഡുകളും ആണ് തകർത്തത്. സി പി എമ്മിന്റെയും ഡിവൈഎഫ്ഐ യുടെയും കൊടികൾ കീറിയ നിലയിലാണ്.

മല്യോട്ട് ക്ഷേത്രത്തിലെ ഉത്സവങ്ങളിൽ പങ്കെടുത്ത് പുലർച്ചെ തിരികെ വന്നവരാണ് സംഭവം കണ്ടത്.മന്ദിരം ചവിട്ടി പൊളിച്ചു അകത്തു കയറിയവർ അകത്തുണ്ടായിരുന്ന കസേരകളും  തകർത്തു. ഓഫീസിനകത്തും പുറത്തും ഉണ്ടായിരുന്ന എൽഡിഎഫ്  കാസർഗോഡ് പാർലമെൻറ്മണ്ഡലം സ്ഥാനാർത്ഥി എം വി ബാലകൃഷ്ണന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി തയ്യാറാക്കിയിരുന്ന ഫ്ലക്സ് ബോർഡുകളാണ് തകർക്കപ്പെട്ടത്.

കൊടിമരത്തിൽ ഉണ്ടായിരുന്ന പതാകയും കീറി കളഞ്ഞു.തീരദേശ റോഡ് , തൃക്കൈ മഹാവിഷ്ണു ക്ഷേത്രം, ഏഴിലോട്, പറമ്പത്ത് എന്നീ പ്രദേശങ്ങളിലെ പ്രചരണ സാമഗ്രികളും നശിപ്പിക്കപ്പെട്ട നിലയിലാണ് . എംഎൽഎ ഉൾപ്പെടെ നിരവധി സിപിഎം നേതാക്കൾ വിവരമറിഞ്ഞ് സ്ഥലത്തെത്തി.


ഓഫീസ് ആക്രമിച്ചതിലും എൽഡിഎഫ് പ്രചരണ സാമഗ്രികൾ നശിപ്പിച്ചതിലും പ്രതിഷേധിച്ച് താമരക്കുളങ്ങരയിൽ സിപിഎം പ്രവർത്തകർ ഇന്ന് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.