വി ഡി സതീശനെ വെല്ലുവിളിച്ച് ഗോവിന്ദൻ മാസ്റ്റർ…

5

ഇലക്ടറൽ ബോണ്ടിനെ ചുറ്റിപ്പറ്റിയുള്ള വിവാദം പുകയുന്നു. സിപിഐഎം ഇലക്ടൽ ബോണ്ട് വാങ്ങിയതിന്റെ തെളിവ് വി ഡി സതീശൻ പുറത്ത് വിട്ടാൽ വി ഡി സതീശൻ പറയുന്നതെന്തും ചെയ്യാമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കൊല്ലം പാർലമെന്റ് മണ്ഡലത്തിൽ എൽ ഡി എഫ് സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും തെരഞ്ഞെടുപ്പ് യോഗത്തിൽ പങ്കെടുത്തു. ഇലക്ടറൽ ബോണ്ടിനെതിരെ കോടതിയിൽ പോയ ഒരേ ഒരു പാർട്ടി കമ്യൂണിസ്റ്റ്‌ മാത്രമായിരുന്നു എന്ന് പ്രകാശ് കാരാട്ട് പറഞ്ഞു. പിണറായി വിജയനെ അറസ്റ്റ് ചെയ്യുന്നില്ലെന്നാണ് രാഹുൽഗാന്ധി പറയുന്നത് എന്നാൽ എന്തിനാണ് അറസ്റ്റ് ചെയ്യേണ്ടതെന്ന് രാഹുൽ വ്യക്തമാക്കണം. അദ്ദേഹത്തിനെതിരെ യാതൊരു കേസും ഇതുവരെയില്ല, പിണറായിയെ അറസ്റ്റ് ചെയ്യുക എന്നത് കോൺഗ്രസിന്റെ ആഗ്രഹം മാത്രമെന്നും എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ഇതിനിടെ കേരളത്തിന്റെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പെരുംനുണയൻ ആണെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. “സിപിഐഎം ഇലക്ടറൽ ബോണ്ട് വാങ്ങിയെന്നാണ് വി ഡി സതീശൻ പറഞ്ഞത്. ഇത് തെളിയിക്കാമെന്നും വി ഡി സതീശൻ മാധ്യമപ്രവർത്തകർ ആവർത്തിച്ച് ചോദിച്ചപ്പോൾ പറഞ്ഞു. ആർജ്ജവമുള്ള രാഷ്ട്രീയ പ്രവർത്തകൻ ആണെങ്കിൽ ഇക്കാര്യം തെളിയിക്കാൻ വി ഡി സതീശൻ തയ്യാറാകണം”. മന്ത്രി വെല്ലുവിളിച്ചു.