സംവിധായകൻ ജോഷിയുടെ വീട്ടിൽ നടന്ന മോഷണം റോബിൻഹുഡ് സ്റ്റൈലിൽ!

8

കഴിഞ്ഞ ദിവസമായിരുന്നു സംവിധായകൻ ജോഷിയുടെ വീട്ടിൽ വൻ കവർച്ച നടന്നത് വാർത്തകളിലെല്ലാം ഇടം പിടിച്ചത്.മോഷണത്തിൽ വജ്രാഭരണങ്ങൾ ഉൾപ്പെടുന്ന ഒരു കോടി രൂപയുടെ മുതലാണ് നഷ്ടപ്പെട്ടിരുന്നത്. ഇപ്പോഴിതാ മോഷണം നടന്ന് മണിക്കൂറുകൾക്കുള്ളിൽ തന്നെ മോഷ്ടാവിനെ പിടിച്ചിരിക്കുകയാണ് പോലീസ് സംഘം.ബീഹാർ സ്വദേശി മുഹമ്മദ് ഇർഫാനാണ് പോലീസ് പിടിയിലായത്.സമ്പന്ന വീടുകൾ കേന്ദ്രീകരിച്ച് മാത്രം മോഷണം നടത്തുന്ന രീതിയാണ് പ്രതിക്കുള്ളത് എന്നും പോലീസ് പറയുന്നു. എന്നാൽ മോഷണ പണം കൊണ്ട് ബീഹാറിലെ പാവപ്പെട്ട ആളുകളെ സഹായിക്കുന്ന റോബിൻഹുഡ് രീതിയാണ് ഇയാൾക്കുള്ളത് എന്നാണ് പറയപ്പെടുന്നത്.

ശനിയാഴ്ച പുലർച്ചെയായിരുന്നു ജോഷിയുടെ വീട്ടിൽ നിന്നും പ്രതി മോഷണം നടത്തിയത്. തുടർന്ന് നടത്തിയ പോലീസ് പരിശോധനയിൽ അന്നേദിവസം വൈകുന്നേരം തന്നെ ഉടുപ്പിയിൽ വച്ച് കർണാടക പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. മോഷണത്തിന് ശേഷം പ്രതി കാറിൽ രക്ഷപ്പെടുകയായിരുന്നു ചെയ്തത്.

തുടർന്ന് സിസിടിവി പരിശോധനയിലൂടെ കാറിന്റെ നമ്പർ കണ്ടെത്തുകയും തുടർന്നുള്ള അന്വേഷണത്തിനിടയിൽ പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. മോഷണത്തിന് മാത്രമായി പ്രതി കൊച്ചിയിൽ എത്തിയതാണെന്ന് സൂചനയും വരുന്നുണ്ട്. എന്തായാലും പാവപ്പെട്ടവർക്ക് വേണ്ടി മോഷണം നടത്തുന്ന കള്ളൻ എന്ന രീതിയിലാണ് ഇപ്പോൾ ഇയാൾ അറിയപ്പെടുന്നത്.