മലയാള സിനിമയിൽ വ്യത്യസ്തമായ ഒരു പരീക്ഷണമായിരുന്നു സിബി മലയിൽ സംവിധാനം ചെയ്ത് മോഹൻലാൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ദേവദൂതൻ.പ്രണയത്തിനും, സംഗീതത്തിനും വളരെയധികം പ്രാധാന്യം നൽകിക്കൊണ്ട് നിർമ്മിച്ച ചിത്രത്തിന്റെ വിഷ്വലുകളെല്ലാം അതിമനോഹരമായിരുന്നു.
– എന്നാൽ 2000 ത്തിൽ പുറത്തിറങ്ങിയ ചിത്രത്തിന് അന്ന് വേണ്ടത്ര ശ്രദ്ധ ലഭിച്ചില്ല. പിന്നീട് ചിത്രത്തിലെ വിഷ്വലുകളിൽ പലതും സോഷ്യൽ മീഡിയ പേജുകൾ വഴി എഡിറ്റ് ചെയ്ത് ഭംഗിയാക്കിയപ്പോൾ എല്ലാവർക്കും നല്ല അഭിപ്രായങ്ങൾ മാത്രമാണ് പറയാനുണ്ടായിരുന്നത്.
ഇപ്പോഴിതാ പ്രേക്ഷകരുടെ ആവശ്യപ്രകാരം സിബി മലയിൽ ദേവദൂതൻ എന്ന ചിത്രത്തെ 4 കെ പതിപ്പിൽ ഒരിക്കൽ കൂടി പ്രേക്ഷകരിലേക്ക് എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്.ഇതിനു മുൻപ് പ്രേക്ഷകരുടെ ആവശ്യപ്രകാരം മലയാളത്തിൽ റീ റിലീസ് ചെയ്ത ഹിറ്റ് ചിത്രം സ്ഫടികത്തിന് വലിയ രീതിയിലുള്ള പ്രതികരങ്ങളാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. മോഹൻലാലിനെ കൂടാതെ ദേവദൂതൻ ചിത്രത്തിൽ ശ്രദ്ധേയമായ വേഷം ചെയ്ത മറ്റ് നടീനടന്മാർ ജയപ്രദ, വിനീത് കുമാർ, ജഗദീഷ്, മുരളി എന്നിവരെല്ലാമാണ്. ചിത്രത്തിലെ മനോഹരഗാനങ്ങൾക്ക് ഈണമിട്ടത് വിദ്യാസാഗറാണ്. ദേവദൂതന്റെ തിരക്കഥ ഒരുക്കിയത് രഘുനാഥ് പലേരിയാണ്. എന്തായാലും ദേവദൂതൻ ഒരിക്കൽ കൂടി റീ റിലീസിനായി തിയേറ്ററുകളിലെത്തുമ്പോൾ മലയാളി പ്രേക്ഷകർക്ക് അത് വ്യത്യസ്തമായ ഒരു ദൃശ്യാനുഭവം തന്നെയായിരിക്കും സമ്മാനിക്കുക.