ബോളിവുഡ് സിനിമകൾക്ക് ഇപ്പോൾ കഷ്ടകാലമാണെന്നാണ് പൊതുവേയുള്ള സംസാരം. ബോളിവുഡിൽ ഇറങ്ങുന്ന അപൂർവ്വം ചില സിനിമകൾ മാത്രമാണ് ബോക്സ് ഓഫീസിൽ ഹിറ്റ് അടിക്കുന്നത്. ഇപ്പോഴിതാ അതിനെ ശരിവയ്ക്കുന്ന രീതിയിൽ അക്ഷയ് കുമാർ, ടൈഗർ ഷെറോഫ് എന്നിവർ ചേർന്ന് അഭിനയിച്ച ആക്ഷൻ ത്രില്ലർ ചിത്രം ബഡേ മിയാൻ ചോട്ടെ മിയാൻ കളക്ഷൻ റിപ്പോർട്ടുകൾ നൽകുന്ന സൂചന.അലി അബ്ബാസ് സഫർ സംവിധാനം ചെയ്ത ചിത്രത്തിന് 350 കോടി രൂപയാണ് ആകെ നിർമ്മാണ ചിലവായി വന്നിട്ടുള്ളത്. ഇതിൽ തന്നെ 120 കോടി രൂപ ചിത്രത്തിലെ നായകന്മാരുടെ പ്രതിഫലമാണ് എന്നതാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. എന്നാൽ ചിത്രത്തിന്റെ കളക്ഷൻ റിപ്പോർട്ടുകൾ പുറത്തുവന്നപ്പോൾ സിനിമയ്ക്ക് ആകെ നേടാനായത് 90 കോടി രൂപ മാത്രമാണ്.
മലയാളത്തിന്റെ പ്രിയ നടൻ പൃഥ്വിരാജും ചിത്രത്തിൽ ഒരു പ്രധാന വില്ലൻ വേഷത്തിൽ എത്തുന്നത് വലിയ രീതിയിലുള്ള ചർച്ചകളാണ് സിനിമാ ലോകത്ത് ഉണ്ടാക്കിയത്. എന്നാൽ ചിത്രം റിലീസ് ആയ ആദ്യ ദിനം തന്നെ ബോക്സ് ഓഫീസിൽ തകരുകയായിരുന്നു. വൻ ഹൈപ്പോട് കൂടിയാണ് ചിത്രത്തിന്റെ പ്രമോഷൻ ഉൾപ്പെടെയുള്ള കാര്യങ്ങളെല്ലാം അണിയറ പ്രവർത്തകർ ചെയ്തത്. ആക്ഷൻ ത്രില്ലർ വിഭാഗത്തിൽ വൻ പ്രതീക്ഷകളർപ്പിച്ച് വെള്ളിത്തിരയിൽ എത്തിയ ഈ സിനിമ തട്ടിക്കൂട്ട് ആക്ഷൻ സീനുകളും, പറഞ്ഞു പഴകിയ കഥയും കൊണ്ട് പ്രേക്ഷകരെ മടിപ്പിച്ചു.എന്തായാലും ഇപ്പോൾ ബോളിവുഡ് സിനിമാ ലോകത്ത് ഏറെ ചർച്ചയാകുന്നത് സിനിമയുടെ ബഡ്ജറ്റിൽ 80 കോടി രൂപ അക്ഷയ് കുമാറും, 40 കോടി രൂപ ടൈഗർ ഷെറോഫും പ്രതിഫലമായി കൈപ്പറ്റിയതിനെ കുറിച്ചാണ്. ചുരുക്കിപ്പറഞ്ഞാൽ നായകന്മാർക്ക് നൽകിയ പ്രതിഫലം പോലും തിരിച്ചുപിടിക്കാനാകാത്ത ഇത്തരം സിനിമകൾ ബോളിവുഡ് ലോകത്തിന് ഒരു വലിയ ഒരു പാഠം തന്നെയാണ് നൽകുന്നത്.