ബിഗ് ബോസ് അവതാരകൻ കൂടിയായ മോഹൻലാൽ നല്ല കുറെയധികം സന്ദേശങ്ങളും പ്രേക്ഷകരിലേക്ക് എത്തിക്കാറുണ്ട്. അത്തരത്തിൽ ഇക്കഴിഞ്ഞ എപ്പിസോഡിൽ മോഹൻലാൽ പങ്കിട്ട ഒരു സന്ദേശമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. ശരീരദാനത്തിന് സമ്മതപത്രം കൊടുത്ത ആളാണ് താനെന്നും കൂടുതൽ ആളുകൾ ഇത്തരത്തിൽ മുൻപോട്ട് വരണം എന്നും അദ്ദേഹം പറയുകയുണ്ടായി.
ബിഗ് ബോസ് മത്സരാര്‍ഥികളായ നടി ശ്രീരേഖയും സിബിനും കഴിഞ്ഞ ദിവസം ഒരു ഗംഭീരപ്രകടനം ഷോയിൽ നടത്തിയിരുന്നു. തന്‍റെ മകന്‍റെ മരണശേഷം നടത്തിയ അവയവദാനത്തിലൂടെ ജീവന്‍ നിലനിര്‍ത്താനായ ഒരു യുവാവിനെ കാണാന്‍ ആ അമ്മ എത്തുന്നതായിരുന്നു ഇരുവരുടെയും കോണ്സെപ്റ്റ്. ഇവരുടെ ആശയത്തെ പ്രശംസിച്ചതോടൊപ്പം തന്നെ അതിന്റെ പ്രാധാന്യത്തെ കുറിച്ചും മോഹൻലാൽ സംസാരിച്ചു.
“ഞാന്‍ എന്‍റെ ശരീരം മുഴുവന്‍ കൊടുത്ത ആളാണ്. എനിക്ക് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍റെ ഒരു അവാര്‍ഡ് ഉണ്ട്. ഏറ്റവും കൂടുതല്‍ കണ്ണുകള്‍ ഞാന്‍ ദാനം ചെയ്യിപ്പിച്ചിട്ടുണ്ട്. പലര്‍ക്കും ഇപ്പോഴും ഈ അവയവദാനത്തെക്കുറിച്ച് തെറ്റായ ധാരണകളാണ്. നമ്മള്‍ മരിച്ചുകഴിഞ്ഞാല്‍ ഇതുകൊണ്ട് യാതൊരു കാര്യവുമില്ല. കുറച്ച് സമയത്തിനുള്ളില്‍ ഇത് മറ്റൊരാള്‍ക്ക് ഗുണകരമായി മാറുക എന്നുപറയുന്നത് ഏറ്റവും വലിയ മനുഷ്വത്യമാണ്. എത്രയോ പേരുടെ ജീവന്‍ രക്ഷിക്കാം. നമ്മള്‍ രണ്ട് കണ്ണുകളിലൂടെ കാണുന്നത് രണ്ട് പേര്‍ക്ക് കാണാം, എത്ര വലിയ സന്ദേശമാണ് നിങ്ങൾ കൊടുത്തത്.