സിജു വിൽസൺ കേന്ദ്ര കഥാപാത്രമാകുന്ന ‘ പഞ്ചവത്സര പദ്ധതിയുടെ’ ട്രെയിലർ പുറത്തിറങ്ങി!

7

മലയാളത്തിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു കൊണ്ട് മലയാളി പ്രേക്ഷകർക്കിടയിൽ ഇടംപിടിച്ച നടനാണ് സിജു വിൽസൺ. ചെറുതും വലുതുമായ ഒട്ടേറെ വേഷങ്ങൾ ചെയ്തു കൊണ്ട് വളരെ ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ മലയാളി പ്രേക്ഷകർക്കിടയിൽ സ്ഥാനം പിടിക്കാൻ സിജുവിന് സാധിച്ചു. ഇപ്പോഴിതാ സിജു വിൽസൺ നായക കഥാപാത്രത്തിൽ എത്തുന്ന പഞ്ചവത്സര പദ്ധതി എന്ന സിനിമയുടെ ട്രെയിലർ പുറത്തിറങ്ങിയിരിക്കുകയാണ്. പി. ജി പ്രേംലാൽ സംവിധാനം ചെയ്യുന്ന ചിത്രം സാമൂഹിക കാര്യങ്ങളെ ആക്ഷേപഹാസ്യ രൂപത്തിൽ അവതരിപ്പിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. പുതുമുഖ നായിക കൃഷ്ണേന്ദു എ. മേനോനാണ് ചിത്രത്തിൽ സിജുവിന്റെ നായികാ വേഷത്തിൽ എത്തുന്നത്.

ലൊക്കേഷൻ ദൃശ്യങ്ങൾ കൊണ്ടും വളരെയധികം പ്രത്യേകത നിറഞ്ഞുനി ൽക്കുന്ന ഒരു ചിത്രമായിരിക്കും പഞ്ചവത്സര പദ്ധതി. ഗുണ്ടൽപേട്ട്, വയനാട് ഉൾപ്പെടെയുള്ള പ്രകൃതിരമണീയ സ്ഥലങ്ങളിലാണ് ചിത്രത്തിന്റെ പ്രധാന ഭാഗങ്ങളെല്ലാം ഷൂട്ട് ചെയ്തിട്ടുള്ളത്. ചിത്രത്തിന്റെ സംഗീതം കൈകാര്യം ചെയ്തിട്ടുള്ളത് ഷാൻ റഹ്മാനാണ്. പ്രധാന കഥാപാത്രങ്ങളെ കൂടാതെ നിഷ സാരംഗ്, ജിബിൻ ഗോപിനാഥ്, സിബി തോമസ്, മുത്തുമണി എന്നിങ്ങനെ ഒരു നീണ്ട താരനിരയും ചിത്രത്തിൽ പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നു. ഒട്ടേറെ പുതുമകളോടെ പുറത്തിറങ്ങാൻ ഇരിക്കുന്ന പഞ്ചവത്സര പദ്ധതി എന്ന സിനിമയുടെ റിലീസ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.