പ്രശസ്ത ബോളിവുഡ് നടി കങ്കണ റനൗട്ട് പുതിയതായി നടത്തിയ രാഷ്ട്രീയ പരാമർശത്തിന് എതിരെ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ കുടുംബം രംഗത്തെത്തിയിരിക്കുകയാണ്. ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി കങ്കണ മത്സരിക്കുന്നുണ്ട്. അതിന്റെ ഭാഗമായി നടി വലിയ രീതിയിലുള്ള രാഷ്ട്രീയ പ്രചാരണങ്ങളാണ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. അത്തരത്തിൽ കങ്കണ നടത്തിയ ഒരു പരാമർശമാണ് ഇപ്പോൾ വലിയ വിവാദത്തിന് തിരി കൊളുത്തിയിരിക്കുന്നത്.
കങ്കണയുടെ പരാമർശം ഇങ്ങനെയാണ് ” നേതാജി സുഭാഷ് ചന്ദ്ര ബോസാണ് ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി”. തീർത്തും തെറ്റായ ഈയൊരു പ്രസ്താവനയോട് നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ചെറു മകനായ ചന്ദ്രകുമാർ ബോസ് ആണ് രംഗത്ത് എത്തിയിട്ടുള്ളത്. സ്വന്തം രാഷ്ട്രീയ താൽപര്യങ്ങൾക്ക് വേണ്ടി ചരിത്രത്തെ വളച്ചൊടിക്കുകയാണ് കങ്കണ ചെയ്തിരിക്കുന്നത് എന്ന് അദ്ദേഹം എക്സ് മുഖാന്തരം അറിയിച്ചു.
അദ്ദേഹത്തിന്റെ പോസ്റ്റിലൂടെ സുഭാഷ് ചന്ദ്ര ബോസ് രാഷ്ട്രീയ ചിന്തകൾക്ക് വേണ്ടി പ്രവർത്തിച്ച ഒരാളാണെന്നും, സൈനികൻ രാഷ്ട്ര തന്ത്രജ്ഞൻ എന്നീ മേഖലകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വമാണെന്നും ചന്ദ്രകുമാർ അറിയിച്ചു. എല്ലാവരെയും ഒരേ രീതിയിൽ കാണുന്ന രാഷ്ട്രീയ ചിന്താഗതിയാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നത് എന്നും ചന്ദ്രകുമാർ ബോസ് തന്റെ പോസ്റ്റിലൂടെ കൂട്ടിച്ചേർത്തിട്ടുണ്ട്.
ബിജെപി രാഷ്ട്രീയ രംഗത്ത് പ്രവർത്തിച്ചുകൊണ്ടിരുന്ന ചന്ദ്രകുമാർ ബോസ് കഴിഞ്ഞ വർഷമാണ് ബിജെപിയിൽ നിന്നും രാജിവച്ചത്. രാജ്യം മുഴുവൻ വളരെ വലിയ ചർച്ച നടത്തിക്കൊണ്ടിരിക്കുന്ന ഇന്ത്യയുടെ പേര് മാറ്റി ഭാരതം ആക്കണം എന്നതിന് അദ്ദേഹത്തിന് കടുത്ത വിയോജിപ്പാണ് ഉണ്ടായിരുന്നത്. അതുമായി ബന്ധപ്പെട്ടാണ് ചന്ദ്രകുമാർ ബിജെപിയിൽ നിന്നും രാജിവെച്ചത് എന്നും അഭ്യൂഹങ്ങൾ പരന്നിരുന്നു. എന്തായാലും സ്വന്തം രാഷ്ട്രീയ താല്പര്യങ്ങൾക്ക് വേണ്ടി കങ്കണ കാര്യങ്ങളെ വളച്ചൊടിക്കരുത് എന്നതാണ് ചന്ദ്രകുമാർ തന്റെ പോസ്റ്റിലൂടെ പ്രസ്താവിച്ചിട്ടുള്ളത്.