മലയാളത്തിൽ കഴിഞ്ഞ കുറച്ചു മാസങ്ങളായി പുറത്തിറങ്ങിയ എല്ലാ സിനിമകളും വൻ ഹിറ്റടിച്ചു കൊണ്ടാണ് ഓടിക്കൊണ്ടിരിക്കുന്നത്. കേരളത്തിൽ മാത്രമല്ല മലയാള സിനിമകൾക്ക് കേരളത്തിനു പുറത്തും വളരെ വലിയ പ്രേക്ഷകരാണ് നിലവിൽ ഉള്ളത്. കേരള സർക്കാർ കേരളത്തിലെ സിനിമാആസ്വാദകർക്ക് വേണ്ടി എളുപ്പത്തിൽ ടിക്കറ്റ് ബുക്ക് ചെയ്യാനായി നിർമ്മിച്ച ഒരു ആപ്പാണ് എന്റെ ഷോ.
എന്നാൽ എന്‍റെ ഷോ ആപ്പ്, വെബ്സൈറ്റ് എന്നിവക്കെതിരെ ശക്തമായ തിരിച്ചടികളാണ് തിയേറ്റർ ഉടമകളും കമ്പനികളും നൽകിക്കൊണ്ടിരിക്കുന്നത്. ജനുവരിയിൽ പ്രവർത്തനമാരംഭിക്കുമെന്ന് പറഞ്ഞ് തുടങ്ങിയ ആപ്പ് ഇപ്പോഴും എങ്ങും എത്താത്ത അവസ്ഥയിലാണ് ഉള്ളത്.
ഇതിനെതിരെ തീയേറ്റർ ഉടമകൾ പറയുന്നത് ഏത് ആപ്പ് വഴി ടിക്കറ്റ് വിൽക്കണം എന്നത് അവരുടെ മാത്രം അവകാശമാണെന്നും, അത് സർക്കാർ ഏറ്റെടുക്കേണ്ടതില്ല എന്ന രീതിയിലുമാണ്. കേരളത്തിലെ തിയേറ്റർ ഉടമകളുടെ പ്രധാന സംഘടനയായ ഫിയൊക് ആണ് ഇതിനെതിരെ പ്രധാനമായും രംഗത്ത് എത്തിയിട്ടുള്ളത്.
തിയേറ്റർ ഉടമകൾക്ക് പുറകിൽ വലിയ ടിക്കറ്റ് ബുക്കിംഗ് കമ്പനികളാണ് ഇത്തരത്തിലുള്ള ഒരു പ്രചാരണത്തിന് പുറകിലെ കാരണമെന്നതാണ് ഒരു വിഭാഗത്തിന്റെ അഭിപ്രായം. ഇത്തരത്തിലുള്ള സാഹചര്യങ്ങൾ നിലനിൽക്കുമ്പോൾ, എന്‍റെ ഷോ എന്നു മുതൽ ഉപയോഗപ്രദമാകും എന്നത് കണ്ടു തന്നെ അറിയണം.