ആടുജീവിതം സിനിമ കണ്ട് ഇറങ്ങിയവരിൽ പൃഥ്വിരാജ് അവതരിപ്പിച്ച നജീബിനോടൊപ്പം തന്നെ മനസ്സിൽ ഏറെ പതിഞ്ഞ കഥാപാത്രങ്ങളിൽ ഒരാളായിരിക്കും ഗോകുൽ അവതരിപ്പിച്ച ഹക്കിം എന്ന കഥാപാത്രവും. മലയാള സിനിമാ തിരശ്ശീലയിൽ അതുവരെ കണ്ടു പരിചയമില്ലാത്ത ഒരു മുഖമായിരുന്നു ഗോകുലിന്‍റേത്.എന്നാല്‍ തന്‍റെ ആദ്യ സിനിമയിലൂടെ തന്നെ പ്രേക്ഷകരെ അമ്പരപ്പിച്ചിരിക്കുകയാണ് താരം. സിനിമയ്ക്ക് വേണ്ടി പൃഥ്വിരാജ് വളരെയധികം ബോഡി വെയിറ്റ് കുറച്ചത് ഒരുപാട് ചർച്ചകൾക്ക് ഇടയാക്കിയിരുന്നു. എന്നാൽ സിനിമ കണ്ടതിനുശേഷം മാത്രമാണ് അതേ രീതിയിൽ ശരീരഭാരം കുറയ്ക്കേണ്ടി വന്ന ഗോകുലിനെ പറ്റി എല്ലാവരും അറിയുന്നത്.
സിനിമക്ക് വേണ്ടി ഗോകുൽ ശരീരഭാരം കുറച്ച സമയത്ത് എടുത്ത ഫോട്ടോസാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലും മറ്റും തരംഗമായി മാറിയിരിക്കുന്നത്. സിനിമയ്ക്ക് വേണ്ടി ഗോകുൽ നടത്തിയ കഠിനാധ്വാനത്തിന് ആശംസകൾ അറിയിച്ചു കൊണ്ട് നിരവധി പേരാണ് ചിത്രത്തിന് കീഴിൽ ലൈക്കും,കമന്‍റും ചെയ്തിട്ടുള്ളത്.ഇത്തരത്തിലുള്ള ഒരു മേക്കോവർ നടത്താനായി ദിവസങ്ങളോളം ഭക്ഷണം കഴിക്കാതെ ഇരുന്നിട്ടുണ്ടെന്ന് ഗോകുൽ പല ഇന്‍റര്‍വ്യൂകളിലും പറഞ്ഞിട്ടുണ്ടായിരുന്നു. ആടുജീവിതം സിനിമയിലെ ഹക്കിം എന്ന കഥാപാത്രത്തെ അവതരിപ്പിക്കാനായി ശരീരഭാരം കുറയ്ക്കാൻ തനിക്ക് പ്രചോദനമായത് ക്രിസ്റ്റ്യന്‍ ബെയിൽ ആണ് എന്നും താരം പോസ്റ്റിലൂടെ അറിയിച്ചു.
ദി മെഷിനിസ്റ്റ് എന്ന സിനിമയ്ക്ക് വേണ്ടി 2004 ലാണ് ക്രിസ്റ്റ്യന്‍ ബെയിൽ 28 കിലോ കുറച്ചത്, അന്ന് സിനിമാ പ്രേമികൾക്കിടയിൽ അത് വലിയ ഒരു ചർച്ചകള്‍ക്ക് ഇടയാക്കിയിരുന്നു. എന്തായാലും അതേ മാതൃക പിന്തുടർന്നു കൊണ്ട് ഗോകുൽ ചെയ്ത ഈയൊരു മേക്കോവറിനും വലിയ രീതിയിലുള്ള പ്രതികരണങ്ങളാണ് ഇപ്പോൾ ലഭിച്ചു കൊണ്ടിരിക്കുന്നത്!