സഖാവിന്റെ ‘അയോധ്യ’ ചായക്കട, ഇവിടെ രാഷ്ട്രീയവും പറയാം ചായയും കുടിക്കാം, ലെനിനും സ്റ്റാലിനും മാര്‍ക്‌സും എംഗല്‍സും ജവഹര്‍ലാല്‍ നെഹ്രുവും അരവിന്ദ മഹര്‍ഷിയും എ കെ ജിയുമെല്ലാം ഫ്രെയിമിട്ട ചിത്രങ്ങളിലായി ചുമരില്‍ പതിപ്പിച്ചിട്ടുണ്ട്, രാമജന്മഭൂമി വിഷയം കത്തി നില്‍ക്കുന്ന കാലത്താണ് ചായപ്പീടികയ്ക്കു അയോധ്യയെന്ന പേര് വീഴുന്നത് .കണ്ണൂരിന്റെ ചരിത്രത്തിനൊപ്പം നടന്ന ഒരുചായക്കടയുണ്ട് നഗരത്തിലെ തെക്കി ബസാറില്‍. ഉപ്പുമാവും കപ്പക്കറിയും പുട്ടും കടലയും നെയ്യപ്പവും നല്ല സ്‌ട്രോങ് ചായയും കഴിക്കാന്‍ വരുന്ന അയോധ്യയെന്ന സഖാവിന്റെ ചായപ്പീടിക.
ലെനിനും സ്റ്റാലിനും മാര്‍ക്‌സും എംഗല്‍സും ജവഹര്‍ലാല്‍ നെഹ്രുവും അരവിന്ദ മഹര്‍ഷിയും എ കെ ജിയുമെല്ലാം ഫ്രെയിമിട്ട ചിത്രങ്ങളിലായി ചുമരില്‍ പതിപ്പിച്ചിട്ടുണ്ട്. മഹാലക്ഷ്മിയുടെ ചിത്രം മുതല്‍ ശ്രീനാരായണ ഗുരുദേവനും അംബേദ്ക്കറുമെല്ലാം ഇവിടെയുണ്ട്. കട ഉടമകള്‍ കമ്യൂണിസ്റ്റുകാരാണെങ്കിലും എ കെ ജിയുടെയും അഴിക്കോടന്റെയും ഇ എം എസിന്റെയും ഇ കെ നായനാരുടെയും ചിത്രങ്ങളോടൊപ്പം മറ്റുള്ള ചിത്രങ്ങള്‍ വയ്ക്കുന്നതില്‍ അസഹിഷ്ണുതയില്ല.
1938ലാണ്ഈ കട തുടങ്ങിയതെന്നാണ് പിന്‍തലമുറക്കാര്‍ പറയുന്നത്. സഹോദരങ്ങളായ പൂച്ചാലി ശേഖരനും പൂച്ചാലി പുരുഷോത്തമനുമായിരുന്നു കട ഉടമകള്‍. കമ്യൂണിസ്റ്റുകാരായിരുന്നു ഇരുവരും ഇതില്‍ പൂച്ചാലി ശേഖരന്‍ പൊലിസിന്റെ നരനായാട്ടിന് 1948 ല്‍ ഇരയായിട്ടുണ്ട്. ജയിലിലും പുറത്തുമായാണ് ഇരുവരും പാര്‍ട്ടി പ്രവര്‍ത്തനം നടത്തിയിരുന്നത്. 1948 ല്‍ ശേഖരന്‍ സഖാവ് പി.കൃഷ്ണപിള്ളയോടൊപ്പം സേലം ജയിലില്‍ കിടന്നിട്ടുണ്ട്. സഖാവിന്റെ ചായപ്പീടികയിലെ തൊഴിലാളികളും ഇവിടം വിട്ടുപോകാന്‍ ഇഷ്ടപ്പെടാത്തവരാണ്. പ്രായാധിക്യം കാരണമാണ് പലരും വിരമിക്കുന്നത്.