തെലുഗുവിൽ വിസ്മയിപ്പിക്കാൻ മോഹൻലാൽ – അക്ഷയ് കുമാർ കോമ്പോ!

12

മലയാളത്തിന്റെ പ്രിയതാരം മോഹൻലാൽ ഉൾപ്പെടെയുള്ള നിരവധി താരങ്ങൾ ഒരുമിച്ചെത്തുന്ന തെലുഗു ചിത്രമാണ് കണ്ണപ്പ.മുകേഷ് കുമാർ സിങ്ങ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് വിഷ്ണു മഞ്ചുവാണ്. ഒരു പുരാണകഥയെ ആസ്പദമാക്കി സംവിധാനം ചെയ്യുന്ന സിനിമയിൽ അക്ഷയ് കുമാർ ആദ്യമായി തെലുഗുവിൽ അഭിനയിക്കാൻ എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. ചിത്രീകരണത്തിന്റെ ഭാഗമായി അക്ഷയ് കുമാർ കഴിഞ്ഞദിവസം ചിത്രത്തിൽ ജോയിൻ ചെയ്തതുമായി ബന്ധപ്പെട്ട കാര്യങ്ങൾ നായകൻ വിഷ്ണു മഞ്ചു തന്നെയാണ് ഔദ്യോഗിക സോഷ്യൽ മീഡിയ പേജു വഴി ആരാധകർക്കായി പങ്കുവെച്ചത്.

അക്ഷയ് കുമാർ ആദ്യമായി തെലുഗുവിൽ എത്തുന്ന, വിഷ്ണു മഞ്ജു ചിത്രത്തിന്റെ നിർമ്മാതാവ് അദ്ദേഹത്തിന്റെ പിതാവും നടനുമായ മോഹൻ ബാബു തന്നെയാണ്. വ്യത്യസ്ത ഭാഷകളിൽ നിന്നുമുള്ള മുൻനിര നായകന്മാർ ചിത്രത്തിൽ പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നു എന്നത് എടുത്തു പറയേണ്ട ഒരു പ്രത്യേകതയാണ്. തെലുങ്ക് സൂപ്പർസ്റ്റാർ പ്രഭാസ്, മലയാളികളുടെ പ്രിയനടൻ മോഹൻലാൽ, തമിഴിൽ നിന്നും പ്രഭുദേവ, ശരത്ത് കുമാർ എന്നിവർ ചിത്രത്തിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്യുന്നുണ്ട്.

സിനിമയുടെ തുടക്കത്തിൽ കാജൽ അഗർവാളാണ് നായികയായി എത്തിയത് എങ്കിലും പിന്നീടത് മാറി പ്രീതി മുകുന്ദനെയാണ് ഇപ്പോൾ ചിത്രത്തിലെ നായികയായി എത്തുന്നത്. ഹൈദരാബാദിലും ന്യൂസിലാൻഡിലുമാണ് സിനിമയുടെ ചിത്രീകരണം നടന്നു കൊണ്ടിരിക്കുന്നത്. എന്തായാലും മലയാളികളുടെ പ്രിയ നടൻ മോഹൻലാൽ ഉൾപ്പെടെയുള്ളവർ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നതുകൊണ്ടുതന്നെ മലയാളികൾക്കിടയിലും ചിത്രത്തിന് സ്വീകാര്യത കൂടുതലായിരിക്കും. ഇതിന് മുൻപും ജനത ഗ്യാരേജ് ഉൾപ്പെടെ നിരവധി ഹിറ്റ് തെലുഗു സിനിമകളിൽ മോഹൻലാൽ പ്രധാന വേഷങ്ങളെ അവതരിപ്പിച്ചിരുന്നു.