ബിഗ് ബോസ് ഹൗസിൽ വിട്ടുവീഴ്ചയില്ലാതെ ജാൻമോണി!

7

ലോകമെമ്പാടുമുള്ള മലയാളി ടിവി പ്രേക്ഷകർക്കിടയിൽ വളരെയധികം ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന ഒരു ഷോയാണ് ബിഗ് ബോസ്. മോഹൻലാൽ അവതാരകനായി എത്തുന്ന ബിഗ് ബോസിന്‍റെ വീക്കെൻഡ് എപ്പിസോഡിനായി കാത്തിരിക്കാൻ എല്ലാവർക്കും വളരെയേറെ താല്പര്യമാണ്. കാരണം ഒരാഴ്ചയിൽ നടന്ന എല്ലാ കാര്യങ്ങളും കൃത്യമായി വിശകലനം ചെയ്യുകയും അതിൽ മത്സരാർത്ഥികളുടെ അഭിപ്രായം ചോദിച്ചറിയുകയും ചെയ്യുന്നത് ഈ ഒരു എപ്പിസോഡിലാണ്.

നിലവിൽ 6 പുതിയ വൈൽഡ് കാർഡ് എൻട്രികൾ കൂടെ ഹൗസിനകത്ത് പ്രവേശിച്ചതോടെ വിവാദങ്ങൾ കത്തി തുടങ്ങി. കഴിഞ്ഞദിവസം നടന്ന ഓപ്പൺ നോമിനേഷനിൽ വലിയ പ്രശ്നങ്ങൾക്കാണ് തുടക്കം കുറിച്ചത്. ഓരോരുത്തർക്കും തങ്ങൾക്ക് തോന്നുന്ന രണ്ട് മത്സരാർത്ഥികളെ വീതം ഓപ്പൺ നോമിനേഷൻ ചെയ്യാനുള്ള അവസരം ഉണ്ടായിരുന്നു. നോമിനേഷൻ ചെയ്യുന്ന ആളുകളുടെ ദേഹത്ത് കറുത്ത ചായം തേച്ച ശേഷം അതിനുള്ള കാരണങ്ങൾ പറയാനാണ് ബിഗ്‌ബോസ് പറഞ്ഞിട്ടുണ്ടായിരുന്നത്. എല്ലാവരും അത് നല്ല രീതിയിൽ എടുത്തുവെങ്കിലും തന്‍റെ മുഖത്ത് കറുത്ത ചായം തേക്കാൻ സമ്മതിക്കില്ല എന്ന കടുത്ത നിലപാടിൽ നിൽക്കുകയായിരുന്നു ജാൻമോണി.

9 പേർ ജാൻമോണിക്ക് എതിരെ കയ്യിൽ കറുത്ത ചായം തേച്ചുവെങ്കിലും സീക്രട്ട് ഏജന്‍റ് ജാൻമോണിയുടെ മുഖത്ത് ചായം തേക്കണം എന്ന് പറഞ്ഞതാണ് പ്രശ്നങ്ങൾക്ക് തുടക്കം കുറിച്ചത്. എല്ലാവരും ജാൻമോണിയെ പേടിച്ച് നിൽക്കുകയാണ് എന്നതായിരുന്നു സീക്രട്ട് ഏജന്‍റിന്‍റെ വാദം. എന്നാൽ ഒടുവിൽ ബിഗ് ബോസ് തന്നെ ഇടപെട്ട് ഒരാളുടെ താല്പര്യം ഇല്ലാതെ മുഖത്ത് ചായം തേയ്ക്കാൻ പാടുള്ളതല്ല എന്ന് അറിയിച്ചതോടെ പ്രശ്നങ്ങൾക്ക് ഒരുവിധം പരിഹാരമായി.എന്തായാലും ഈയൊരു രീതിയിൽ കാര്യങ്ങൾ തുടർന്നു പോവുകയാണെങ്കിൽ ജാൻമോണി ഇനിയും എത്ര നാൾ ബിഗ്‌ബോസ് ഹൗസിൽ തുടരും എന്നത് കണ്ടുതന്നെ അറിയേണ്ടി വരും.