കേരളത്തിൻറെ സാംസ്കാരിക തലസ്ഥാനമായ തൃശൂരിന്റെ പരമ്പരാഗത ഉത്സവമായ തൃശൂർ പൂരത്തോട് അനുബന്ധിച്ചുള്ള വെടിക്കെട്ട് 4 മണിക്കൂർ വൈകിയാണ് ദൃശ്യമായത്. ആദ്യം പാറമേക്കാവും പിന്നീട് തിരുവമ്പാടിയും പകൽവെളിച്ചത്തിൽ വെടിക്കെട്ട് നടത്തി. വെടിക്കെട്ടിന്റെ വർണ്ണശോഭ ആസ്വദിക്കാൻ സാധിച്ചില്ലെങ്കിലും ആർപ്പുവിളിയോടെ ജനങ്ങൾ വെടിക്കെട്ടിനെ വരവേറ്റു.
മൂന്നുമണിക്ക് നടത്തേണ്ട വെടിക്കെട്ട് വളരെ വൈകിയാണ് ആരംഭിച്ചത്. പോലീസ് നിയന്ത്രണത്തിൽ പ്രതിഷേധിച്ച് തിരുവമ്പാടി ഭാഗം പൂരം നിർത്തിവച്ചതാണ് വെടിക്കെട്ടിന്റെ ചടങ്ങുകൾ വൈകാൻ കാരണം. രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനു ഇടയിൽ നടുവിലാൻ ഭാഗത്ത് പോലീസ് ബാരിക്കേഡ് വച്ച് തടഞ്ഞതാണ് പ്രകോപന കാരണം എന്നാണ് അറിയുന്നത്.
പിന്നീട് മന്ത്രി രാജൻ ഇടപെട്ടാണ് പ്രശ്നം കോംപ്രമൈസ് ആക്കിയത്. പാറമേക്കാവിൽ അമ്മയുടെ രാത്രി എഴുന്നള്ളിപ്പ് പോലീസ് ബാരിക്കേഡ് വച്ച് തടഞ്ഞതും ഒരു ആനയും ഏതാനും മേളക്കാരെയും മാത്രം കടത്തി വിട്ടതും പ്രതിഷേധം ഉണ്ടാക്കി. കമ്മീഷണറുടെ നേതൃത്വത്തിൽ മഠത്തിൽ വരവിൽ അടക്കം കനത്ത പ്രതിരോധമാണ് ബാരിക്കേഡിനാൽ തീർത്തത് പൂര പ്രേമികളെ കയ്യേറ്റം ചെയ്യുന്നത് അടക്കമുള്ള നടപടികൾ ഉണ്ടായതാണ് പ്രതിഷേധത്തിന് കാരണമെന്ന് അറിയുന്നു.
സംഭവങ്ങളെ തുടർന്ന് തിരുവമ്പാടി വിഭാഗം പൂര വെടിക്കെട്ട് നിർത്തി വയ്ക്കുവാൻ ആഹ്വാനം ചെയ്യുകയായിരുന്നു. പിന്നീട് തൃശൂരിന്റെ ചുമതലയുള്ള മന്ത്രി രാജൻ എത്തി അനുനയ സംഭാഷണങ്ങളിലൂടെ പൂരക്കാരെ ശാന്തരാക്കുകയും വെടിക്കെട്ട് നടത്താൻ സമ്മതിപ്പിക്കുകയും ആയിരുന്നു. എന്നാൽ എപ്പോൾ നടത്താൻ ആകും എന്ന് പറയാൻ കഴിയില്ല എന്നാണ് ആദ്യം തിരുവമ്പാടി വിഭാഗം പ്രതികരിച്ചത്. പിന്നീട് പാറമേക്കാവ് വെടിക്കെട്ടിന് ശേഷം നടത്തുമെന്ന് അവർ പറഞ്ഞു. പുലർച്ചെ 6.30 ന് പാറമേക്കാവു വെടിക്കെട്ട് നടന്നു.ശേഷം തിരുവമ്പാടി വിഭാഗവും വെടിക്കെട്ട് നടത്തി.