തൃശ്ശൂരിന് ഇന്ന് സ്വപ്നസാഫല്യത്തിന്റെ ദിവസമാണ് കാത്തിരുന്ന തൃശ്ശൂർ പൂരം എത്തിയിരിക്കുന്നു.
ഒരുപാട് വിവാദങ്ങൾക്കും നിയമക്കുരുക്കുകൾക്കും വിരാമം ഇട്ടുകൊണ്ട് തൃശ്ശൂർക്കാരുടെ സ്വന്തം പൂരത്തിന് അനുമതി ലഭിച്ചപ്പോൾ തന്നെ ഓരോ മലയാളിയും കാത്തിരിക്കുകയായിരുന്നു ഈ സുദിനത്തിന് വേണ്ടി.തേക്കിൻകാർഡ് മൈതാനവും രാജവീഥിയും ഇന്ന് പുരുഷാരത്താലും ഗജരാജ മേളത്താലും മുഖരിതമാകും. കൊട്ടും കുരവയുമായി നെയ്തലക്കാവ് ഭഗവതി എഴുന്നള്ളുമ്പോൾ ഇത്തവണ തിടമ്പേറ്റുന്നത് എറണാകുളം ശിവകുമാറാണ്. പൂരം അറിയിച്ചുകൊണ്ട് തെക്കേഗോപുര വാതിൽ ഇന്നലെ തുറന്നിരുന്നു. രാവിലെ കണിമംഗലം ശാസ്താവിന്റെ തെക്കേഗോപുരനട തുറക്കുന്നതിലൂടെ തൃശ്ശൂരിലെ ജനസാഗരത്തിന് രാവും പകലും ഇല്ലാതെയാകും. മഠത്തിൽ വരവും പാറമേക്കാവിന്റെ എഴുന്നള്ളിപ്പും ഇലഞ്ഞിത്തറ മേളവും തിരുവമ്പാടി മേളവും തെക്കോട്ടിറക്കവും കാണാൻ എത്തുന്ന ആൾക്കൂട്ടത്തിനെ നിയന്ത്രിക്കാൻ വൻ പോലീസ്
സംഘത്തെയാണ് നഗരത്തിൽ വിന്യസിച്ചിരിക്കുന്നത്.
വൈകുന്നേരം വർണ്ണങ്ങളുടെ കുടമാറ്റം, കുടമാറ്റത്തിനുശേഷം രാത്രിയിൽ എഴുന്നള്ളിപ്പുകൾ ഉണ്ടാവും നാളെ ഉച്ചയ്ക്ക് ശ്രീമൂല ഉപചാരം ചൊല്ലി പൂരം കൊടിയിറങ്ങും. കൊച്ചിരാജാവായിരുന്ന ശക്തൻ തമ്പുരാൻ തുടക്കം കുറിച്ച തൃശൂർ പൂരത്തിന് എകദേശം 200 വർഷത്തെ ചരിത്ര പാരമ്പര്യമുണ്ട്. പൂരം കാണുവാനായി വിദേശ സഞ്ചാരികളടക്കം ധാരാളം ആളുകൾ വർഷം തോറും തൃശ്ശൂരിൽ എത്താറുണ്ട്. മേടമാസത്തിലെ പൂരം നക്ഷത്രത്തിലാണ് തൃശൂർപൂരം ആഘോഷിക്കുന്നത്. കുറച്ചുകൂടി കൃത്യമായി പറഞ്ഞാൽ മേടമാസത്തിൽ അർദ്ധരാത്രിക്ക് ഉത്രം നക്ഷത്രം വരുന്നതിന്റെ തലേന്നാണ് പൂരം ആഘോഷിക്കുന്നത്.എല്ലാ പൂരങ്ങളുടെയും മാതാവ് എന്നാണ് തൃശൂർ പൂരം അറിയപ്പെടുന്നത്. വെടിക്കെട്ടും പരമ്പരാഗത കലാരൂപങ്ങളും സാംസ്കാരിക മത്സരങ്ങളും ആനയൂട്ടുമെല്ലാം ഓരോ പ്രേക്ഷകന്റെയും കണ്ണിന് കുളിർമന അണിയിക്കുന്ന തൃശ്ശൂർ പൂരം വിഭവങ്ങളാണ്.