ടെക്നോളജിയിലും, സാങ്കേതികവിദ്യയിലും ലോകം ഒരുപാട് മുന്നോട്ട് കുതിച്ചു കൊണ്ടിരിക്കുകയാണ്. അതിന്റെ ഭാഗമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗപ്പെടുത്തി പല രീതികളിലുമുള്ള വ്യാജ പ്രചരണങ്ങളാണ് ഇപ്പോൾ നമുക്ക് ചുറ്റും നടന്നുകൊണ്ടിരിക്കുന്നത്.
പ്രത്യേകിച്ച് സെലിബ്രിറ്റികളുടെ ഫോട്ടോസും, വീഡിയോസ് ഉപയോഗപ്പെടുത്തി ഡീപ്പ് ഫേക്ക് വീഡിയോകളാണ് സോഷ്യൽ മീഡിയയിൽ മുഴുവൻ ഇപ്പോൾ കറങ്ങിക്കൊണ്ടിരിക്കുന്നത്. അത്തരത്തിൽ റൺവീർ സിംഗ് കോൺഗ്രസിന് വോട്ട് ചെയ്യണമെന്ന് അഭ്യർത്ഥിച്ച് പോസ്റ്റ് ചെയ്യുന്ന രീതിയിൽ നിർമ്മിച്ചിട്ടുള്ള ഒരു ഡീപ്പ് ഫെയ്ക്ക് വീഡിയോ ആണ് സോഷ്യൽ മീഡിയയിലെല്ലാം വൈറലായി കൊണ്ടിരിക്കുന്നത്.
ബോളിവുഡ് നടൻ റൺവീർ സിംഗ് ഒരു ബോട്ടിൽ സഞ്ചരിക്കുന്നതിനിടയിൽ ജനങ്ങളോട് കോൺഗ്രസിന് വോട്ട് ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്ന രീതിയിലാണ് ഈയൊരു ഡീപ്പ് ഫേക്ക് വീഡിയോ പുറത്തിറങ്ങിയിട്ടുള്ളത്. എന്നാൽ വീഡിയോയിൽ ഉള്ളത് തികച്ചും ഏ ഐ നിർമ്മിതം മാത്രമാണെന്ന് കണ്ടെത്തിയിരിക്കുകയാണ് ഒരുപറ്റം പ്രേക്ഷകർ.
കുറച്ചു ദിവസങ്ങൾക്കു മുൻപായിരുന്നു ഫാഷൻ ഡിസൈനർ മനീഷ് മൽഹോത്രക്കൊപ്പം റൺവീർ സിംഗ് നമോഗാട്ടിൽ എത്തിയത്. അന്നെടുത്ത ഒരു വീഡിയോ ഉപയോഗിച്ചു കൊണ്ടാണ് ഇപ്പോൾ താരത്തിന്റെ പേരിൽ ഇത്തരത്തിലുള്ള ഒരു ഡീപ്പ് ഫേക്ക് വീഡിയോ പ്രചരിച്ചു കൊണ്ടിരിക്കുന്നത്. ഇതിന് മുൻപ് ബോളിവുഡിൽ നിന്നും അമീർഖാനാണ് ഇത്തരത്തിലുള്ള ഒരു ആരോപണത്തിന് വിധേയനായത്.
അദ്ദേഹം അവതാരകനായി എത്തിയ സത്യമേവ ജയതേ എന്ന പരിപാടിയുടെ വീഡിയോ ഉപയോഗിച്ചാണ് ഇത്തരത്തിൽ ഒരു ഡീപ്പ് ഫേക്ക് രാഷ്ട്രീയ പ്രചാരണ വീഡിയോ അന്ന് പുറത്തിറങ്ങിയത്. എന്തായാലും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ അമിത ഉപയോഗം കാരണം ഇപ്പോൾ സത്യത്തിന്റെ നെല്ലും പതിരും തിരിച്ചറിയാൻ സാധിക്കാത്ത അവസ്ഥയാണ് ഉള്ളത്.