പി വി ആർ തിയേറ്ററുകളിൽ മലയാള സിനിമയ്ക്കുള്ള വിലക്കിൽ മലയാളത്തിനൊപ്പം നിന്ന് തെലുഗു നിർമ്മാതാക്കൾ!

8

മലയാളത്തിൽ തുടർച്ചയായി ഹിറ്റ് സിനിമകൾ പിറന്നു കൊണ്ടിരിക്കുമ്പോൾ PVR, ഇനോക്സ് തീയേറ്ററുകളിൽ മലയാള സിനിമകൾക്ക് വിലക്ക് ഏർപ്പെടുത്തിയത് വലിയ രീതിയിലുള്ള ചർച്ചകൾക്കാണ് ഇപ്പോൾ ഇടം വെച്ചിരിക്കുന്നത്. തുടക്കത്തിൽ വിഷു, റംസാൻ റിലീസിന് എത്തിയ മലയാള സിനിമകൾക്കെല്ലാം തന്നെ പി വി ആർ, ഐ നോക്സ് തിയേറ്ററുകളിൽ വിലക്ക് ഏർപ്പെടുത്തുകയും പിന്നീട് അത് ചർച്ചകളിലൂടെ പരിഹരിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ മലയാള സിനിമാ നിർമ്മാതാക്കൾക്ക് പിന്തുണയുമായി രംഗത്ത് എത്തിയിരിക്കുകയാണ് തെലുങ്ക് ചലച്ചിത്ര നിർമ്മാതാക്കളുടെ സംഘടനയായ ഗിൽഡ്.

മലയാള ചിത്രങ്ങൾ പി വി ആർ, ഇനോക്സ് തിയേറ്ററുകളിൽ പ്രദർശിപ്പിക്കാൻ സമ്മതിക്കില്ല എന്ന തീരുമാനത്തിന് പുറകിലെ കാരണം സിനിമയുടെ പ്രൊജക്ഷൻ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന കണ്ടന്റ് മാസ്റ്ററിങ്ങ് യൂണിറ്റുമായി ബന്ധപ്പെട്ട പ്രശ്നങ്ങളായിരുന്നു. പുതിയതായി മലയാളത്തിലിറങ്ങിയ സിനിമകൾക്ക് PVR തിയേറ്ററുകളിൽ പ്രദർശനവിലക്ക് ഏർപ്പെടുത്തുകയും നിലവിൽ ഓടിക്കൊണ്ടിരിക്കുന്ന മലയാള സിനിമകൾ തിയേറ്ററുകളിൽ നിന്ന് പിൻവലിക്കുകയും ചെയ്തതായിരുന്നു വലിയ പ്രശ്നങ്ങൾക്ക് തുടക്കം കുറിച്ചത്.

കൊച്ചിയിലെ ഫോറം മാൾ ഉൾപ്പെടെയുള്ള പി വി ആർ തിയേറ്ററുകളിൽ മലയാള സിനിമകൾക്ക് വിലക്ക് ഉണ്ടായിരുന്നു. എന്നാൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി ഉൾപ്പെടെയുള്ള പ്രമുഖർ പ്രശ്നത്തിൽ ഇടപെട്ടതോടെ പ്രശ്നങ്ങൾക്ക് പരിഹാരമായിട്ടുണ്ട് എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. എന്തായാലും തെലുഗു പ്രൊഡ്യൂസർ സംഘടനയായ ഗിൽഡ്, മലയാളി പ്രൊഡ്യൂസർ സംഘടനയായ ഫിയോക്കിന് ഈയൊരു പ്രശ്നത്തിൽ തങ്ങളുടെ പിന്തുണ അറിയിച്ചിട്ടുണ്ട്.