ലോക്സഭ തിരഞ്ഞെടുപ്പ് ചൂട് കേരളമെങ്ങും കത്തിക്കയറുമ്പോൾ എല്ലാവരും അറിയാൻ ഏറെ ആഗ്രഹിക്കുന്ന ഒരു മണ്ഡലമാണ് വടകര. വളരെയധികം പ്രത്യേകതകളാണ് വടകര മണ്ഡലത്തിലെ മത്സരാർത്ഥികൾക്ക് ഉള്ളത്. രണ്ട് എംഎൽഎമാർ മത്സരിക്കുന്ന മണ്ഡലം, വളരെയധികം ജനപ്രീതി നേടിയെടുത്ത രണ്ട് വ്യക്തിത്വങ്ങൾ എന്നിങ്ങനെ വിശേഷണങ്ങൾ അവസാനിക്കുന്നില്ല. വടകര മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി ഷാഫി പറമ്പിലാണ് മത്സരിക്കുന്നത്. അതേസമയം ഷാഫിയുടെ പ്രധാന എതിരാളിയായി സിപിഎമ്മിൽ നിന്നും ഇവിടെ മത്സരിക്കുന്നത് മലയാളികളുടെ പ്രിയപ്പെട്ട ടീച്ചറമ്മ കെ കെ ശൈലജ ടീച്ചറാണ്.
യുഡിഎഫിന് തുടർച്ചയായി മൂന്ന് വിജയം സമ്മാനിച്ച വടകര മണ്ഡലത്തിൽ 2019 ൽ വൻ ഭൂരിപക്ഷത്തോടെയാണ് അന്നത്തെ യുഡിഎഫി ന്റെ സ്ഥാനാർത്ഥിയായ കെ മുരളീധരൻ വിജയിച്ചത്. അതിനാൽ തന്നെ ഇത്തവണയും മണ്ഡലം യുഡിഎഫ് എടുക്കും എന്നാണ് പൊതുവേയുള്ള ഭാഷ്യം.
വടകരയിൽ ജയിച്ച കെ മുരളീധരനെ വലിയൊരു മത്സരത്തിനായി തൃശ്ശൂരിലേക്ക് മാറ്റിയപ്പോൾ ഇനി ആര് എന്നതായിരുന്നു കോൺഗ്രസിന് മുന്നിലുള്ള ചോദ്യം.അപ്പോഴാണ് ജനങ്ങൾക്കിടയിൽ വളരെയധികം ഇറങ്ങി പ്രവർത്തിക്കുന്ന പാലക്കാട് എംഎൽഎ ഷാഫി പറമ്പിലിനെ വടകരയിലേക്ക് കൊണ്ടു വരാം എന്ന തീരുമാനം ഉണ്ടായത്. എന്തായാലും എതിർ പക്ഷത്ത് നിൽക്കുന്ന ശൈലജ ടീച്ചർ ജനങ്ങളുടെ പ്രിയങ്കരി ആയതുകൊണ്ട് തന്നെ ഇവിടെ ആരു വിജയിക്കുമെന്നത് ഇത്തവണ പ്രവചനാതീതം തന്നെയാണ്.