ആരോപണ പ്രത്യാരോപണങ്ങളുമായി വടകരയിൽ രാഷ്ട്രിയപ്പോരു മുറുകുകയാണ്. ഷാഫി പറമ്പിലും ശൈലജ ടീച്ചറും ഇഞ്ചോടിഞ്ഞ് പോരാടുമ്പോൾ വിജയം പ്രവചനാതിതമാണ്. ഇതിനിടെ തനിക്കെതിരെ അസ്ലില ചിത്രങ്ങളും വിഡിയോ കളും പ്രചരിക്കുന്നു എന്ന് ശൈലജ ടീച്ചർ ഉയർത്തിയ വിവാദ പ്രചരണത്തിന്റെ തീനാളങ്ങൾ വീണ്ടും ഉയരുന്നു. തനിക്കെതിരെ അശ്ലീല വിഡിയോ പ്രചരിപ്പിക്കുന്നതായി എവിടെയും പറഞ്ഞിട്ടില്ലെന്നും മോർഫ് ചെയ്ത പോസ്റ്ററെന്നാണ് പറഞ്ഞതെന്നും വടകരയിലെ ഇടതു സ്ഥാനാർഥി കഴിഞ്ഞ ദിവസം തിരുത്തി പറഞ്ഞതോടെ വീണ്ടും രാഷ്ട്രീയ വിവാദം ചൂടുപിടിക്കുന്നു.സഹതാപ വോട്ടു കിട്ടാൻ ഇടതു സ്ഥാനാർഥി നുണ പ്രചരിപ്പിച്ചെന്നു കോൺഗ്രസ് ആരോപിച്ചു. ‘അശ്ലീല ചിത്രം’ എന്നാണ് ശൈലജ ആദ്യത്തെ പത്ര സമ്മേളനത്തിൽ പറഞ്ഞിരുന്നതെങ്കിലും ‘അശ്ലീല വിഡിയോ സൃഷ്ടിച്ചു’ എന്നാണ് സിപിഎം നേതാക്കളും അണികളും പ്രചരിപ്പിച്ചത്. എന്നാൽ തന്റെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചു എന്ന് മാത്രമാണ് താൻ പറഞ്ഞത് എന്നാണിപ്പോൾ ഷൈലജ ടീച്ചർ തിരുത്തി പറയുന്നത് അന്നത്തെ പത്രസമ്മേളനം കണ്ടാൽ അത് മനസ്സിലാകും എന്നും അവർ പറയുന്നു. എന്നാൽ അങ്ങനെയൊരു വിഡിയോയും ചിത്രവും ഇല്ലെന്നു കെ.കെ.ശൈലജയും പാർട്ടിയും ഇപ്പോഴെങ്കിലും സമ്മതിച്ചതിൽ സന്തോഷമെന്ന് യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ. ‘‘ഇത്രയും ദിവസം ഞാൻ നേരിട്ട സൈബർ ആക്രമണത്തിന് ആരു മറുപടി പറയും? അശ്ലീല വിഡിയോ ഉണ്ടാക്കുന്നവൻ എന്നുവരെ വിളിച്ച് വേട്ടയാടിയില്ലേ? ടീച്ചറുടെ വാക്കുകൾ കേട്ട് എന്നെ ആക്രമിച്ച സാംസ്കാരിക നായകർ ഇനി പ്രതികരിക്കുമോ ? ഇതിനു ജനം മറുപടി പറയും. സൈബർ ആക്രമണം ആർക്കെതിരെ നടന്നാലും തെറ്റാണ്. എനിക്ക് ഉമ്മയില്ലേ എന്നാണു ടീച്ചർ ചോദിച്ചത്. ഇല്ലാത്ത വിഡിയോയുടെ പേരിലാണ് എന്റെ ഉമ്മയെ വരെ പ്രശ്നത്തിലേക്കു വലിച്ചിഴച്ചത്”-അദ്ദേഹം പറഞ്ഞു. വ്യക്തിഹത്യ നടത്തി തിരഞ്ഞെടുപ്പ് ജയിക്കാൻ ശ്രമിച്ചതിനു ജനങ്ങൾ തിരിച്ചടി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.