വീണ്ടുമവര്‍ വിസ്മയിപ്പിക്കാന്‍ സ്ക്രീനില്‍ ഒരുമിക്കുമ്പോള്‍!

8

മലയാളി സിനിമാ പ്രേക്ഷകർക്കിടയിൽ എക്കാലത്തും പ്രിയം പിടിച്ചുപറ്റിയ മികച്ച താരജോഡികളാണ് മോഹൻലാൽ ശോഭന കൂട്ടുകെട്ട്. ഒരുകാലത്ത് ഇവർ ചേർന്ന് മലയാള സിനിമയിൽ സമ്മാനിച്ച മികച്ച ചിത്രങ്ങൾ ഇന്നും സിനിമാ പ്രേക്ഷകർക്കിടയിൽ വലിയ ചർച്ചകൾ തന്നെയാണ്. എന്നാൽ കഴിഞ്ഞ കുറച്ച് കാലങ്ങളായി ഇവരെ നായിക നായകന്മാരാക്കി മലയാളത്തിൽ സിനിമകളൊന്നും തന്നെ പുറത്തിറങ്ങിയിരുന്നില്ല. ഇപ്പോഴിതാ പ്രിയ താര ജോഡികൾ പുതിയ സിനിമയിലൂടെ വീണ്ടും ഒന്നിക്കുന്നു എന്ന വാർത്തയാണ് പുറത്തു വന്നിട്ടുള്ളത്.

തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രത്തിലൂടെയാണ് ശോഭന മലയാളത്തിലേക്ക് വീണ്ടും ഒരു തിരിച്ചുവരവിന് ഒരുങ്ങുന്നത്. 15 വർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ഇവർ വീണ്ടും നായികാ നായകന്മാരായി സ്ക്രീനിൽ എത്തുന്നത്. ഇരുവരും ചേർന്നുള്ള 56മത്തെ ചിത്രമായിരിക്കുമിത്. 2009 ൽ മോഹൻലാൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച സാഗർ ഏലിയാസ് ജാക്കിയിൽ ശോഭന ഒരു വേഷം ചെയ്തിരുന്നുവെങ്കിലും അത് മോഹൻലാലിന്റെ നായികാ വേഷമായിരുന്നില്ല.

സിനിമാ വിശേഷങ്ങൾ കൂടാതെ തന്റെ നൃത്ത വിദ്യാലയവുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം തന്നെ ശോഭന ഇൻസ്റ്റാഗ്രാം പേജ് വഴി ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. ഈയൊരു സന്തോഷവാർത്തയും ശോഭന തന്നെയാണ് ഇൻസ്റ്റാഗ്രാം പേജ് വഴി ഇപ്പോൾ പങ്കുവെച്ചിട്ടുള്ളത്. 2004ൽ പുറത്തിറങ്ങിയ മാമ്പഴക്കാലമാണ് മോഹൻലാൽ ശോഭന കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ അവസാന സിനിമ. എന്തായാലും തങ്ങളുടെ പ്രിയ താര ജോഡികൾ വീണ്ടും സ്ക്രീനിൽ ഒന്നിക്കുമ്പോൾ അത് ആരാധകർക്ക് ഒരു പുത്തൻ കാഴ്ച തന്നെയായിരിക്കും സമ്മാനിക്കുക.