എല്ലാ തെന്നിന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും 10 കോടിയിലധികം നേടിയ മലയാളത്തിലെ ആദ്യ ചിത്രം ആയിരിക്കുകയാണ് മഞ്ഞുമ്മല്‍ ബോയ്സ്. ആന്ധ്ര, തെലങ്കാന മേഖലയില്‍ നിന്നുകൂടി 10 കോടി കളക്ഷന്‍ പിന്നിട്ടതോടെയാണ് മഞ്ഞുമ്മല്‍ ബോയ്സിന്‍റെ പേരില്‍ ഈ അപൂര്‍വ്വ നേട്ടം എത്തിയിരിക്കുന്നത്. കര്‍ണാടകയില്‍ നിന്ന് നേരത്തെ 10 കോടി നേടിയിരുന്ന ചിത്രം തമിഴ്നാട്ടില്‍ നിന്ന് 50 കോടിയിലേറെ നേടിയിരുന്നു.
തെന്നിന്ത്യന്‍ സിനിമയില്‍ നിന്ന് ഈ റെക്കോര്‍ഡ് ആദ്യമായി ഇട്ട ചിത്രം രജനികാന്തിനെ നായകനാക്കി ഷങ്കര്‍ സംവിധാനം ചെയ്ത തമിഴ് ചിത്രം എന്തിരന്‍ ആണ്. 2010 ല്‍ ആയിരുന്നു എന്തിരന്‍റെ റിലീസ്. തെലുങ്കില്‍ നിന്ന് എസ് എസ് രാജമൗലിയുടെ ബാഹുബലി: ദി ബിഗിനിംഗും കന്നഡത്തില്‍ നിന്ന് കെജിഎഫ് രണ്ടുമാണ് അതത് ഇന്‍ഡസ്ട്രികളില്‍ നിന്ന് ആദ്യമായി ഈ നേട്ടം സ്വന്തമാക്കിയത്. മലയാള സിനിമയും ആ നിരയിലേക്ക് ചേര്‍ക്കപ്പെടുകയാണ് മഞ്ഞുമ്മല്‍ ബോയ്സിലൂടെ.
ഇതര സംസ്ഥാനങ്ങളില്‍ മുന്‍പും മലയാള സിനിമകള്‍ റിലീസ് ചെയ്യപ്പെട്ടിരുന്നെങ്കിലും അവിടെ അവയുടെ കാണികള്‍ മലയാളികള്‍ മാത്രമായിരുന്നു. അതിനാണ് ഇപ്പോള്‍ മാറ്റമായിരിക്കുന്നത്. മഞ്ഞുമ്മല്‍ കൂടാതെ പ്രേമലു, ആടുജീവിതം, ആവേശം, വര്‍ഷങ്ങള്‍ക്കു ശേഷം എന്നീ ചിത്രങ്ങള്‍ക്കൊക്കെ മറുഭാഷാ പ്രേക്ഷകരെ കാണികളായി ലഭിക്കുന്നുണ്ട്.