ഇരട്ട സഹോദരന്മാരിൽ ഒരാൾ പോയതോടെ സംഗീത സംവിധായകനും ഗായകനുമായ കെജി ജയൻ ഒരുകാലത്ത് സംഗീതത്തിൽ നിന്നും വിട്ടുനിന്നിരുന്നു. സംഗീതയാത്രയിൽ തന്‍റെ കൂടെയുണ്ടായിരുന്ന ഇരട്ടസഹോദരൻ കെജി വിജയന്‍റെ വിയോഗത്തെത്തുടർന്നായിരുന്നു അത്. ജയവിജയന്മാർ എന്നപേരിൽ അറിയപ്പെട്ടിരുന്ന സംഗീത പ്രതിഭകളുടെ വേർപിരിയിൽ സംഗീത ലോകത്തിനും ഏറെ നഷ്ടമായിരുന്നു. അന്ന് തളർന്നുപോയ ജയനെ സംഗീത വഴിയിലേക്ക് തിരികെയെത്തിച്ചത് സാക്ഷാൽ യേശുദാസാണ്. കെജി ജയന്‍റെ നവതി ആഘോഷവേളയിൽ ഈ സംഭവം മകൻ മനോജ് കെ ജയൻ ഓർത്തെടുത്തിരുന്നു.അനുജന്‍റെ മരണത്തോടെ സംഗീത ലോകത്തുനിന്ന് വിട്ടുനിന്ന ജയൻ യേശുദാസിന്‍റെ തരംഗിണി പുറത്തിറക്കിയ ‘മയിൽപ്പീലി’ എന്ന സംഗീത ആൽബത്തിലൂടെയാണ് തിരികെ വരുന്നത്. ‘രാധ തൻ പ്രേമത്തോടാണോ കൃഷ്ണാ’. ചന്ദനച്ചർച്ചിത, ചെമ്പൈയ്ക്ക് നാദം നിലച്ചപ്പോൾ തുടങ്ങിയ പാട്ടുകളെല്ലാം സംഗീതാസ്വാദകരുടെ ഹൃദയം കവർന്നതാണ്. ആ ആൽബം പുറത്തിറക്കിയതിന് പിന്നിൽ യേശുദാസാണെന്ന് മനോരമയിൽ എഴുതിയ ഓർമ്മക്കുറിപ്പിൽ മനോജ് കെ ജയൻ പറഞ്ഞിരുന്നു.
സംഗീതജ്ഞൻ കെജി ജയൻ അന്തരിച്ചു. തൃപ്പൂണിത്തുറയിലെ വീട്ടിലായിരുന്നു അന്ത്യം. 90 വയസ്സായിരുന്നു. ഭക്തി ഗാനങ്ങളിലൂടെയും ചലച്ചിത്ര ഗാനങ്ങളിലൂടെയും ശ്രദ്ധനേടിയ സംഗീതപ്രതിഭയായിരുന്നു. നടൻ മനോജ് കെ ജയൻ മകനാണ്.കെജി ജയൻ, കെജി വിജയൻ ഇരട്ടസഹോദരന്മാരുടെ പേര് ചുരുക്കി ജയവിജയ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ജയവിജയ സംഘം അവിസ്മരണീയമായ ഒരുപിടി ഗാനങ്ങളാണ് സംഗീതാസ്വാദകർക്ക് നൽകിയത്.
നക്ഷത്രദീപങ്ങൾ തിളങ്ങി…’, ‘ഹൃദയം ദേവാലയം…’ തുടങ്ങിയ ചലച്ചിത്ര ഗാനങ്ങളും ‘ഇഷ്ടദൈവമേ സ്വാമി ശരണമയ്യപ്പാ…’ ‘ദർശനം പുണ്യദർശനം’, ‘ഗുരുവും നീയേ സഖിയും നീയേ’, ‘ശ്രീകോവിൽ നട തുറന്നു..’ ‘മാമല വാഴുമെൻ ശ്രീമണികണ്ഠനെ’ തുടങ്ങിയ നിരവധി ഭക്തിഗാനങ്ങളും ജയവിജയന്മാരുടേതാണ്.