പ്രശസ്ത സിനിമാ നിർമ്മാതാവ് ഗാന്ധിമതി ബാലൻ അന്തരിച്ചു!

13

മലയാളത്തില്‍ നിരവധി ക്ലാസിക് സിനിമകൾ നിർമ്മിച്ച നിർമ്മാതാവായ ഗാന്ധിമതി ബാലൻ അന്തരിച്ചു. അദ്ദേഹത്തിന് 65 വയസ്സായിരുന്നു പ്രായം. തിരുവനന്തപുരത്തുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് അദ്ദേഹത്തിന്‍റെ വിയോഗം സംഭവിച്ചത്.

80കളിലും 90കളിലും മലയാളി പ്രേക്ഷകർക്ക് ഒരുപിടി നല്ല സിനിമകൾ സമ്മാനിക്കാൻ അദ്ദേഹത്തിന് സാധിച്ചു. ഗാന്ധിമതി ഫിലിംസ് എന്ന ബാനറിന് കീഴിലാണ് സിനിമകൾ നിർമ്മിച്ചിരുന്നത്. മൂന്നാംപക്കം, പഞ്ചവടി പാലം ഉൾപ്പെടെയുള്ള നിരവധി ഹിറ്റ് സിനിമകളുടെ നിർമ്മാതാവ് കൂടിയാണ് അദ്ദേഹം. കേരളത്തിലെ ക്യാമ്പസുകളിൽ ഒരുകാലത്ത് വലിയ തരംഗം സൃഷ്ടിച്ച സുഖമോദേവി പോലുള്ള ചിത്രങ്ങളും ഗാന്ധിമതി ബാനറിന് കീഴിൽ നിർമ്മിച്ചതാണ്.

മലയാള സിനിമയുടെ ഒരു സുവർണ്ണ കാലഘട്ടത്തിൽ ക്ലാസിക് സിനിമകൾ സമ്മാനിച്ച പത്മരാജൻ, കെജി ജോർജ് എന്നിവർക്ക് വേണ്ടിയും ഗാന്ധിമതി ബാലൻ സിനിമകൾ നിർമ്മിച്ചു. കൂടാതെ കുടുംബ പ്രേക്ഷകരെ പിടിച്ചിരുത്തുന്ന രീതിയിൽ ബാലചന്ദ്രമേനോൻ, വേണു നാഗവള്ളി, ജോഷി എന്നിവർ സംവിധാനം ചെയ്ത പല ചിത്രങ്ങളും നിർമ്മിച്ചിട്ടുള്ളത് ഗാന്ധിമതി ബാനർ തന്നെയാണ്.സിനിമ കൂടാതെ സാമൂഹിക, സാഹിത്യ,കലാരംഗത്തും അദ്ദേഹം നിരവധി സംഭാവനകള്‍ നൽകിയിട്ടുണ്ട്. എന്തായാലും മലയാള സിനിമയ്ക്ക് ഒരു വലിയ നഷ്ടം തന്നെയാണ് ഗാന്ധിമതി ബാലന്‍റെ വിയോഗം.