കേരളത്തിൽ എങ്ങനെയെങ്കിലും അക്കൗണ്ട് തുറക്കാനുള്ള ശ്രമത്തിലാണ് ബിജെപി. അതിന്റെ ഭാഗമായി തൃശ്ശൂർ ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ സിനിമാ മേഖലയിൽ നിന്നും പ്രശസ്തിയാർജിച്ചവരെ കണ്ടെത്തി ഇലക്ഷനിൽ മത്സരിപ്പിക്കുക എന്ന തന്ത്രവും ബിജെപി പയറ്റി കൊണ്ടിരിക്കുന്നുണ്ട്.
ഇത്തവണ തൃശ്ശൂരിൽ ഉറപ്പായും സുരേഷ് ഗോപി ജയിക്കുമെന്ന വിശ്വാസത്തിലാണ് ബിജെപിയുടെ പ്രമുഖ നേതാക്കൾ ഉൾപ്പെടെയുള്ളവർ. ഇലക്ഷൻ പ്രചാരണാർത്ഥം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ തൃശ്ശൂരിൽ എത്തിയതും വലിയ ചർച്ചകൾക്ക് തിരികൊളുത്തിയിരുന്നു.
ഇപ്പോഴിതാ കൊല്ലം നിയോജക മണ്ഡലത്തിൽ നിന്നും സിനിമാ സീരിയൽ താരം കൃഷ്ണകുമാർ ജയിക്കുകയാണെങ്കിൽ കേന്ദ്രമന്ത്രി സ്ഥാനം ഉറപ്പായും നൽകുമെന്ന് വാഗ്ദാനം ചെയ്തിരിക്കുകയാണ് ബിജെപിയുടെ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.
കഴിഞ്ഞ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി ഇത്തവണ കേരളത്തിൽ എൻഡിഎ ക്ക് കൂടുതൽ വിജയ സാധ്യതയുണ്ട് എന്നതാണ് കെ സുരേന്ദ്രന്റെ പക്ഷം. കേരളത്തിൽ നിന്നും ഇതുവരെ ആരും ജയിക്കാതെ തന്നെ രണ്ട് കേന്ദ്രമന്ത്രിമാരെ നൽകാൻ സാധിച്ചുവെങ്കിൽ കൃഷ്ണകുമാർ ജയിച്ചാൽ എന്തുകൊണ്ട് മന്ത്രിസ്ഥാനം നൽകാതിരിക്കും എന്നതാണ് കെ സുരേന്ദ്രൻ ചോദിക്കുന്നത്.